അഞ്ചു മണിക്കൂര്‍ നീണ്ട മാരത്തണ്‍ പോരാട്ടം അതിജീവിച്ച് ഇവോ കാര്‍ലോവിച്
മെല്‍ബണ്‍: ആസ്ത്രേലിയന്‍ ഓപണ്‍ ടെന്നീസ് ചരിത്രത്തില്‍ മറ്റൊരു അധ്യായം എഴുതി ചേര്‍ത്ത് അരങ്ങേറിയ മാരത്തണ്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയുടെ ഇവോ കാര്ലോവിചിനു ജയം. ആസ്ത്രേലിയന്‍ ഓപണിലെ ഏറ്റവും കൂടുതല്‍ ഗെയിമുകളെന്ന റെക്കോര്‍ഡ് കുറിച്ച പോരാട്ടത്തില്‍ അര്‍ജന്റീനയുടെ ഹൊരാസിയോ സെബല്ലോസിനെ കീഴടക്കിയാണ് ഇവോ കാര്‍ലോവിച് വിജയം സ്വന്തമാക്കിയത്.
2003ലെ ആസ്ത്രേലിയന്‍ ഓപണ്‍ പോരാട്ടത്തില്‍ ആന്‍ഡി റോഡിക്ക്- യൂനസ് എല്‍ അയ്നോയ് മത്സരത്തില്‍ 83 ഗെയിമുകളുണ്ടായിരുന്നു. ഈ റെക്കോര്‍ഡാണ് ഒരു ഗെയിം അധികം കളിച്ച് തിരുത്തപ്പെട്ടത്. മത്സരം അഞ്ചു മണിക്കൂറും 15 മിനുട്ടും നീണ്ടു. ആസ്ത്രേലിയന്‍ ഓപണിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മറ്റൊരു മത്സരമായും പോരാട്ടം മാറി. 2012 ഫൈനല്‍ മത്സരം അഞ്ചു മണിക്കൂറും 53 മിനുട്ടും നീണ്ടതാണ് നിലവിലെ റെക്കോര്‍ഡ്.
75 എയ്സുകള്‍ കണ്ട മത്സരം 6-7 (6-8), 3-6, 7-5, 6-2, 22-20 എന്ന സ്കോറിനാണ് കാര്‍ലോവിച് നേടിയെടുത്തത്. സെര്‍വിങ് സ്പെഷലിസ്റ്റും എയ്സില്‍ വിദഗ്ധനുമായ കാര്‍ലോവിച് കരിയറില്‍ ഏറ്റവും കൂടുതല്‍ എയ്സുകളെന്ന ഗൊരാന്‍ ഇവാനിസേവിചിന്റെ റെക്കോര്‍ഡ് ഈയടുത്ത് മറികടന്ന താരമാണ്.
2010ലെ വിംബിള്‍ഡണില്‍ അരങ്ങേറിയ ജോണ്‍ ഇസ്നര്‍- നിക്കോളാസ് മഹുറ്റ് പോരാട്ടമാണ് ടെന്നീസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരം. മൂന്നു ദിവസം പോരാടിയ ഇരുവരും ഏതാണ്ട് 11 മണിക്കൂറും അഞ്ചു മിനുട്ടുമെടുത്താണ് മത്സരം അവസാനിപ്പിച്ചത്. 183 ഗെയിമുകള്‍ കണ്ട മത്സരത്തിലെ അവസാന സെറ്റ് 70- 68 എന്ന സ്കോറിന് ഇസ്നര്‍ സ്വന്തമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."