ഫയലുകളില്‍ തീരുമാനമെടുക്കാതെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഐ.എ.എസുകാരുടെ മെല്ലെപ്പോക്ക് സമരം. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കും ജനക്ഷേമ പദ്ധതികള്‍ക്കുമുള്ള ഉത്തരവിറക്കാതെ ഫയലുകള്‍ തട്ടിക്കളിക്കുകയാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ഒരാഴ്ചയായി ധനകാര്യ വകുപ്പിലേക്ക് ഫയലുകളുടെ കുത്തൊഴുക്കാണ്.
വകുപ്പ് മേധാവികള്‍ തങ്ങളുടെ അടുക്കലെത്തിയ ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ സാമ്പത്തിക ബാധ്യതയില്ലാത്ത ഫയലുകള്‍ വരെ ധനകാര്യ വകുപ്പിലേക്ക് വിടുകയാണ്. ഭരണപരിഷ്‌കാര വകുപ്പ്, വിജിലന്‍സ് എന്നിവിടങ്ങളിലും ഫയലുകള്‍ കുമിഞ്ഞുകൂടുകയാണ്. ഭരണ പ്രതിസന്ധി സൃഷ്ടിക്കുക എന്നതാണ് ഐ.എ.എസ് ലോബിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഫയലുകള്‍ മറ്റു വകുപ്പുകളിലേക്ക് അയക്കുന്നത്. ഇതിന് ചീഫ് സെക്രട്ടറിയും കൂട്ടു നില്‍ക്കുകയാണെന്ന് ആക്ഷേപമുണ്ട്. പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെയാണ് ഐ.എ.എസുകാരുടെ നിസ്സഹകരണ സമരം.
മന്ത്രിമാരുടെ പുതിയ നിയമന ശുപാര്‍ശകളും വകുപ്പ് മേധാവികള്‍ തള്ളിയിരിക്കുകയാണ്. ഔഷധി, ഹോമിയോപതിക് സഹകരണ ഫാര്‍മസി (ഹോകോ), മത്സ്യ ഫെഡ്, സാമൂഹ്യ നീതി വകുപ്പ് എന്നിവിടങ്ങളിലേക്കുള്ള നിയമനങ്ങളുടെ ഫയലാണ് വകുപ്പ് മേധാവികള്‍ മടക്കിയത്. നൂറുകോടി വിറ്റുവരവുള്ള ഔഷധിയുടെ തലപ്പത്ത് യോഗ്യതയുള്ളവരെ നിയമിക്കണമെന്നാണ് ആയുഷ് വകുപ്പ് സെക്രട്ടറി ബി അശോക് ഫയലില്‍ കുറിപ്പെഴുതിയത്.
ഇതേത്തുടര്‍ന്ന് ഔഷധിയില്‍ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്ക് പുതിയ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മന്ത്രിമാരുടെയോ സര്‍ക്കാരിന്റെ ശുപാര്‍ശയോ അംഗീകരിക്കേണ്ടെന്നാണ് ഐ.എ.എസ് അസോസിയേഷന്റെ തീരുമാനം. എല്ലാ നിയമനങ്ങളും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വകുപ്പ് മേധാവികളും വിഷയ വിദഗ്ധരും അടങ്ങിയ സമിതി വഴി തെരഞ്ഞെടുക്കണമെന്നാണ് വകുപ്പ് മേധാവികള്‍ ഫയലില്‍ കുറിക്കുന്നത്.
അല്ലെങ്കില്‍ യോഗ്യരായവരെ കണ്ടെത്താന്‍ റിയാബിനെ ഏല്‍പ്പിക്കണമെന്നും കുറിപ്പെഴുതുന്നു. മന്ത്രിമാരായ കെ.കെ ശൈലജ, മേഴ്‌സിക്കുട്ടിയമ്മ എന്നിവരുടെ കുറിപ്പാണ് ഐ.എ.എസുകാര്‍ തള്ളിയത്. ആരോഗ്യ വകുപ്പില്‍ ശുചീകരണത്തിനായി ദിവസ വേതനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ മന്ത്രിയുടെ നിര്‍ദേശമാണ് തള്ളിയത്.
സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുള്ളതിനാല്‍ ധനകാര്യ വകുപ്പ് പരിശോധിക്കണമെന്നു കാണിച്ച് വകുപ്പ് സെക്രട്ടറി ഫയല്‍ തള്ളുകയായിരുന്നു. യോഗ്യത വേണ്ടാത്ത രാഷ്ട്രീയ നിയമനങ്ങളിലും ഐ.എ.എസുകാര്‍ ഉടക്കിടുന്നുണ്ട്. വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്ന് ഫയലില്‍ കുറിച്ചാണ് ഇത്തരം നിയമനങ്ങള്‍ തടയുന്നത്.
മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫുകള്‍, സര്‍വകലാശാല സിന്‍ഡിക്കേറ്റംഗങ്ങള്‍ തുടങ്ങി എല്ലാ പേരുടെയും വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്നും വകുപ്പ് മേധാവികള്‍ കുറിപ്പെഴുതിയിട്ടുണ്ട്. വികസന പദ്ധതികള്‍ക്കെല്ലാം പരിസ്ഥിതി വകുപ്പിന്റെ അനുമതി തേടണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ എല്ലാ ഫയലുകളും പരിസ്ഥിതി വകുപ്പിലേയ്ക്കും അയക്കുന്നത് പതിവായിരിക്കുകയാണ്. ധനകാര്യ വകുപ്പിലേയ്ക്ക് അയക്കുന്ന ഫയലുകള്‍ ബജറ്റ് കഴിഞ്ഞ് ആറുമാസം കഴിഞ്ഞേ തിരിച്ചെത്തുകയുള്ളൂ.
ഭരണം നിശ്ചലമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഐ.എ.എസുകാരുടെ മെല്ലെപ്പോക്ക് സമരം. അതേസമയം, ഐ.എ.എസുകാരുടെ ഈ നിലപാട് ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."