വരള്‍ച്ച: കന്നുകാലികളെ സംരക്ഷിക്കാന്‍ 60 കോടിയുടെ പദ്ധതി
പാലക്കാട്:ചരിത്രത്തില്‍ ആദ്യമായി വരള്‍ച്ചയുടെ രൂക്ഷതയില്‍ നിന്നും കന്നുകാലികളെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 'കാറ്റില്‍ ക്യാംപ് 'വന്‍ പദ്ധതി നടപ്പാക്കുന്നു. ആദായമുള്ള വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നവരെയും ക്ഷീര കര്‍ഷകരെയും സഹായിക്കുന്നതിനാണ് പദ്ധതി. ദുരന്ത നിവാരണ അതോറിറ്റിയുടെ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് പദ്ധതിക്കായി 60 കോടി രൂപ ചെലവഴിക്കാനാണ് തീരുമാനം. വിവിധ ജില്ലകളിലെ കര്‍ഷകര്‍ വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ വളര്‍ത്തു മൃഗങ്ങളെ ഇറച്ചിക്കു വില്‍ക്കുകയോ, കൃഷി ഉപേക്ഷിക്കുകയോ ചെയ്യുന്നുണ്ട്.
ഈ സ്ഥിതിക്കു തടയിടാനും കന്നുകാലി വളര്‍ത്തലില്‍ പിടിച്ചുനിര്‍ത്താനുമാണ് പുതിയ പദ്ധതി പ്രഖ്യാപിക്കുന്നത്. മില്‍മ, ക്ഷീര, അനിമല്‍ ഹസ്ബന്ററി എന്നീ വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പ് കന്നുകാലികളുടെ കണക്കെടുപ്പ് നടത്തിയിട്ടുണ്ട്. ഇതില്‍ പെടുന്നവക്കെല്ലാം സഹായം ലഭിക്കും.
പശു, പോത്ത്, കാള തുടങ്ങി വലിയ വളര്‍ത്തു മൃഗങ്ങള്‍ക്ക്, ഒന്നിന് 70 രൂപ വെച്ച് ഒരുദിവസം ഭക്ഷണത്തിനും വെള്ളത്തിനുമായി നല്‍കും. ആട്, കോഴി തുടങ്ങിയ ചെറിയ മൃഗങ്ങള്‍ക്ക്, ഒന്നിന് 45 രൂപയും നല്‍കും. ഈ ആനുകൂല്യം മൃഗാശുപത്രികള്‍ വഴിയാണ് വിതരണം ചെയ്യുക.
എല്ലാ മൃഗാശുപത്രികളും ക്യാറ്റില്‍ ക്യാംപ് പദ്ധതി നടപ്പാക്കാന്‍ തയാറാകണമെന്ന് റവന്യൂ മന്ത്രിയും മൃഗസംരക്ഷണ മന്ത്രിയും ഇന്നലെ അടിയന്തര നിര്‍ദേശം നല്‍കി. എല്ലാ കന്നുകാലി കര്‍ഷകര്‍ക്കും ഇതുസംബന്ധിച്ച വിവരം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
വരള്‍ച്ചയുടെ രൂക്ഷത വര്‍ധിച്ച സാഹചര്യത്തില്‍ വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കാനും, കര്‍ഷകരെ സഹായിക്കാനുമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ദുരന്ത നിവാരണ അതോറിട്ടി പദ്ധതി അവതരിപ്പിച്ചത്. വരള്‍ച്ചയുടെ ഭാഗമായി വകുപ്പുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ച് സി.പി.ഐയിലെ ഒരു വിഭാഗം കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."