സംസ്ഥാനത്ത് 23ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും
കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 23ന് അടച്ചിട്ട് പ്രതിഷേധിക്കും. പുതിയ പമ്പുകള്‍ക്കുള്ള എന്‍.ഒ.സി കൊടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി ഏകജാലക സംവിധാനം ഉടന്‍ സൃഷ്ടിക്കുക, 2014 ഒക്ടോബര്‍ 28 ല്‍ ഏകജാലക സംവിധാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് വന്നതിനു ശേഷം കേരളത്തില്‍ നല്‍കിയിട്ടുള്ള എന്‍.ഒ.സികള്‍ ക്യാന്‍സല്‍ ചെയ്യുക, എന്‍.ഒ.സി നല്‍കിയതിലെ ക്രമക്കേടുകള്‍ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നതെന്ന് ആള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.
വയനാട്ടില്‍ പുതിയ പമ്പുകള്‍ക്ക് എന്‍.ഒ.സി കൊടുത്തത് നഗ്നമായ നിയമലംഘനമാണ്. ജില്ലാ കലക്ടര്‍ക്ക് എന്‍.ഒ.സിക്ക് അപേക്ഷ കൊടുക്കുന്നത് ഓയില്‍ കമ്പനിയുടെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ പേരിലാണ്. അതു കൊണ്ടുതന്നെ നിയമലംഘനങ്ങള്‍ക്ക് റവന്യൂ, ഓയില്‍ കമ്പനി അധികാരികള്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയാനാവില്ല. ഗ്രീന്‍ ട്രിബ്യൂണലിന്റെ വിധിയെ മറികടന്നതില്‍ വന്‍ അഴിമതിയുണ്ടെന്നും നേതാക്കള്‍ ആരോപിച്ചു.
2015 ജൂലൈ ആറിന് ഇതേ വിഷയത്തില്‍ പമ്പുകളടച്ച് സമരം ചെയ്തതാണ്. 23 ന് നടത്തുന്ന സമരത്തില്‍ പരിഹാരമായില്ലെങ്കില്‍ ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു വരെ ഡീലര്‍മാര്‍ കമ്പനിയില്‍ നിന്നും ഇന്ധനം വാങ്ങുകയില്ല.
ഫെബ്രുവരി മുതല്‍ ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും പമ്പുകള്‍ക്കും അവധി നല്‍കുന്നതിന് ആലോചിക്കുമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് എം തോമസ് വൈദ്യന്‍, സെക്രട്ടറി എം രാധാക്യഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."