മനുഷ്യ ജാലിക വിജയിപ്പിക്കുക: സമസ്ത
തൃശൂര്‍: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ഥി ഘടകമായ എസ് .കെ.എസ്.എസ്.എഫ് റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് ചേര്‍പ്പില്‍ സംഘടിപ്പിക്കുന്ന തൃശൂര്‍ ജില്ലാ മനുഷ്യ ജാലികയുടെ വിജയത്തിന് ജാതി-മത-ഭേതമന്യേ മുഴുവന്‍ ജനങ്ങളും പങ്കാളിയാകണമെന്ന് സമസ്ത തൃശൂര്‍ ജില്ലാ നേതാക്കള്‍ ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ മതേതരസ്വഭാവം നിലനിര്‍ത്തുന്നതിനും സമൂഹത്തില്‍ ഐക്യവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കുന്നതിനമായി കഴിഞ്ഞ 10 വര്‍ഷക്കാലമായി എസ്.കെ.എസ്.എസ്.എഫ് നടത്തിവരുന്ന മനുഷ്യജാലിക സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. ഗാന്ധിജിയടക്കമുളള സ്വാതന്ത്ര്യസമര നായകരെയും രാജ്യത്തിന്റെ ചിഹ്നങ്ങളെയും അപമാനിക്കാനും തിരസ്‌കരിക്കാനുമുള്ള ഗൂഢമായ ശ്രമങ്ങള്‍ രാജ്യത്ത് നടന്നുവരികയാണ്.
ഇത്തരം ശ്രമങ്ങളെ ചെറുത്തു തോല്‍പിക്കേണ്ടത് ഓരോ രാജ്യസ്‌നേഹിയുടെയും കടമയാണെന്ന് തിരിച്ചറിഞ്ഞ് രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതലായി മനുഷ്യജാലിക തീര്‍ക്കാന്‍ മുഴുവന്‍ ജനങ്ങളും അണിനിരക്കണം.
മനുഷ്യ ജാലികയുടെ പ്രചരണ പ്രവര്‍ത്തനം മഹല്ല്-മദ്രസാ കമ്മിറ്റികളും സമസ്തയുടെ കീഴ്ഘടകങ്ങളും മഹല്ല് തലത്തിലും ശാഖാ തലത്തിലും ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നും ഇത് സംബന്ധമായി ഇന്ന് പള്ളികളില്‍ ഉല്‍ബോധനം നടത്തണമെന്നും ഞായറാഴ്ച മദ്രസകളില്‍ വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കണമെന്നും സമസ്ത തൃശൂര്‍ ജില്ലാ പ്രസിഡന്റ് എസ്.എം.കെ തങ്ങള്‍, ജനറല്‍ സെക്രട്ടറി എം.എം മുഹ്‌യിദ്ദീന്‍ മൗലവി, കേന്ദ്ര മുശാവറ അംഗം ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍, സമസ്ത ജില്ലാ ട്രഷറര്‍ പി.ടി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, വര്‍ക്കിംഗ് സെക്രട്ടറി ഉമര്‍ ഫൈസി വില്ലനൂര്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."