ചേപ്പലക്കോട് വനമേഖലയില്‍ കത്തിയമര്‍ന്നത് 92 ഏക്കര്‍
വടക്കാഞ്ചേരി: ചേപ്പലക്കോട് വനമേഖലയില്‍ അഗ്നി താണ്ഡവത്തിന് സമാപനമായതോടെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പൂര്‍ണമായും കത്തിനശിച്ചത് 92 ഏക്കര്‍ വനഭൂമി.
ലക്ഷങ്ങള്‍ വിലമതിക്കുന്ന തേക്ക് മരങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചിട്ടില്ലെങ്കിലും ചൂടിന്റെ രൂക്ഷതയില്‍ ശിഖരങ്ങളെല്ലാം കരിഞ്ഞുണങ്ങി. ഉണങ്ങി നിന്നിരുന്ന തേക്ക് തടികള്‍ കത്തിയമര്‍ന്നു. ശിഖിരങ്ങള്‍ ഒടിഞ്ഞ് വീണു. മുളകൂട്ടങ്ങളേയും അഗ്നിവിഴുങ്ങി.
വനത്തില്‍ അവശേഷിക്കുന്ന പച്ചപ്പും ഇല്ലാതായത് ബാക്കി പത്രം. എത്ര ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചുവെന്നതിനെ കുറിച്ച് വ്യക്തതയായില്ല.
മച്ചാട് ഡെപ്യൂട്ടി ഫോറസ്റ്റ് റൈഞ്ചര്‍ രവികുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തി പരിശോധനയുടെ റിപ്പോര്‍ട്ട് തയ്യാറാക്കി വരുകയാണ്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് വനത്തിലേക്ക് തീ പടര്‍ന്നതെന്ന് കരുതുന്നു. ഇതിനെ കുറിച്ച് സമഗ്ര അന്വേഷണം പുരോഗമിക്കുന്നു.
വ്യക്തമായ തെളിവ് ലഭിച്ചാല്‍ സ്വകാര്യ വ്യക്തിക്കെതിരെ കേസെടുക്കുമെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് റൈഞ്ചര്‍ അറിയിച്ചു. പരിശോധനാ റിപ്പോര്‍ട്ട് ഉന്നത വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."