ഭിന്നലിംഗക്കാരെ 13-ാം പഞ്ചവല്‍സര പദ്ധതിയിലുള്‍പ്പെടുത്താന്‍ ആലോചന
കല്‍പ്പറ്റ: ഭിന്നലിംഗക്കാരെ 13-ാം പഞ്ചവല്‍സര പദ്ധതിയിലുള്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അറിയിച്ചു. ജന്മനാലുണ്ടാകുന്ന സവിശേഷത കൊണ്ട് ഭിന്നലിംഗക്കാരായി കണക്കാക്കപ്പെടുന്നവര്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്നത് ഖേദകരമാണ്.
ഇത്തരക്കാര്‍ക്ക് മൗലികാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നതു കൂടാതെ ഇവര്‍ പലവിധ ചൂഷണങ്ങള്‍ക്കും ഇരയാവുകയും ചെയ്യുന്നു. 13-ാം പഞ്ചവത്സര പദ്ധതി തയാറാക്കുന്നതിന് മുന്നോടിയായി ജില്ലയുടെ വികസനരേഖ തയാറാക്കുന്നതില്‍ ഭിന്നലിംഗക്കാരുടെയും ആവശ്യങ്ങള്‍ പരിഗണിക്കും. ഇതിന് ഫെബ്രുവരിയില്‍ ജില്ലയിലെ ഭിന്നലിംഗക്കാരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും അവര്‍ പറഞ്ഞു.
ഭിന്നലിംഗക്കാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്നാവശ്യപ്പെട്ട് നിവേദനവുമായി എത്തിയ മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ്റ് പ്രവര്‍ത്തകരായ വി അബ്ദുല്‍ നസീര്‍, എം.ജെ ബൈജു എന്നിവരുമായി ജില്ലാ പഞ്ചായത്ത് ഓഫിസില്‍ സംസാരിക്കുകയായിരുന്നു അവര്‍. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ സാമൂഹ്യ സുരക്ഷിതത്വ വര്‍ക്കിങ് ഗ്രൂപ്പില്‍ ഭിന്നലിംഗക്കാരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.
ജില്ലയില്‍ ഭിന്നലിംഗത്തില്‍പെട്ട നൂറിലധികം ആളുകളുണ്ടെന്ന് മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ്റ് പ്രവര്‍ത്തകന്‍ എം.ജെ ബൈജു പറഞ്ഞു. പൊതുസമൂഹത്തിന്റെ കുറ്റപ്പെടുത്തലും വിവേചനവും ചൂഷണവും കാരണം സ്വന്തം നാട്ടില്‍ ജീവിക്കാനാവാതെ മറ്റു ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും ചിതറിക്കിടക്കുകയാണ് ഇക്കൂട്ടരെന്നും ബൈജു പറഞ്ഞു. സംരക്ഷിക്കാന്‍ ആളുണ്ടെന്ന തോന്നലുണ്ടായാല്‍ ഭിന്നലിംഗക്കാര്‍ വഴിതെറ്റിപ്പോകില്ല.
ജില്ലയിലെ ഭിന്നലിംഗക്കാരുടെ സംഗമം സംഘടിപ്പിക്കാമെന്ന ജില്ലാ പഞ്ചായത്തിന്റെ തീരുമാനം സ്വാഗതാര്‍ഹവും പ്രതീക്ഷ നല്‍കുന്നതുമാണ്. സംഗമത്തില്‍ പരമാവധി ആളുകളെ പങ്കെടുപ്പിച്ച് ഫലപ്രദമായ രീതിയില്‍ അഭിപ്രായ ക്രോഡീകരണം നടത്തുന്നതിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, സെക്രട്ടറി വി.സി രാജപ്പന്‍, സാക്ഷരതാമിഷന്‍ ജില്ലാ കോഡിനേറ്റര്‍ സിറാജ്, അസി.കോഡിനേറ്റര്‍ പി.എന്‍ ബാബു, ജാഫര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."