മദ്‌റസാ അധ്യാപക ക്ഷേമനിധി: സഹായങ്ങള്‍ വര്‍ധിപ്പിച്ചു
തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന് നല്‍കിവരുന്ന സഹായങ്ങളിലും സര്‍വിസ് ആനുകൂല്യങ്ങളിലും കാലാനുസൃതമായ വര്‍ധനവ് വരുത്താന്‍ ചേളാരിയില്‍ ചേര്‍ന്ന ക്ഷേമനിധി സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. വിവാഹം, വീട് എന്നീ ആവശ്യങ്ങള്‍ക്ക് 27,000 രൂപ വരെയും ചികിത്സ, വിധവാ, അടിയന്തര സഹായം എന്നിവയ്ക്ക് 15,000 രൂപ വരെയും അവശതാ സഹായം 8,000 രൂപ വരെയും വര്‍ധിപ്പിച്ചു.
മരണാനന്തര ക്രിയാസഹായം, കിണര്‍, കക്കൂസ് നിര്‍മാണ സഹായം എന്നിവക്ക് 5,000 രൂപ വരെയും മുഅല്ലിം പെന്‍ഷന്‍ 1000 രൂപയായും ഉയര്‍ത്തി. മദ്‌റസാ അധ്യാപകരുടെ ഭാര്യമാരുടെ ഓരോ പ്രസവത്തിനും 5,000 രൂപ വീതം ധനസഹായം നല്‍കും. സര്‍വിസ് ആനുകൂല്യത്തിലും ഓരോ വിഭാഗങ്ങളിലുമായി വര്‍ധനവ് വരുത്തിയിട്ടുണ്ട്. തദ്‌രീബ് പരീക്ഷാ വിജയികള്‍ക്കും കൂടുതല്‍ സര്‍വിസുള്ളവര്‍ക്കും പ്രത്യേക പരിഗണന ലഭിക്കും.
മുഅല്ലിം ക്ഷേമനിധി ചെയര്‍മാന്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, എം.എ ചേളാരി, ഹുസൈന്‍കുട്ടി മൗലവി മലപ്പുറം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."