ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍
കണ്ണൂര്‍: മെയ്‌വഴക്കവും സംഘതാളവും ചടുലചുവടുകളും സമ്മേളിച്ച പൂരക്കളി മത്സരം 'ചന്ദ്രഗിരിയിലുയര്‍ത്തിയത് ആവേശത്തിരകള്‍. വടക്കന്‍ കേരളത്തിന്റെ അനുഷ്ഠാനകലയായ പൂരക്കളിയുടെ ചുവടുകളുമായി 14 ജില്ലയില്‍ നിന്നും പ്രതിഭകളെത്തിയെന്നതും ശ്രദ്ധേയം. പൂരക്കളി, രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന പൂരത്തിന്റെ നാട്ടുകാരായ കാസര്‍കോട് കാടങ്കോട്ടുകാര്‍ ഒന്നാംസ്ഥാനം സ്വന്തമാക്കിയെങ്കിലും മത്സരത്തില്‍ പുതിയ ചരിത്രങ്ങള്‍ രചിക്കുകയാണ്.
മാസങ്ങള്‍ നീണ്ട കഠിന പ്രയത്‌നത്തിലൂടെ പൂരക്കളി പഠിച്ചെത്തിയ തെക്കന്‍ കേരളക്കാരും, മധ്യകേരളക്കാരും രണ്ടുമുതല്‍ നാലു വരെയുള്ള സ്ഥാനങ്ങള്‍ സ്വന്തമാക്കിയാണ് മടങ്ങുന്നത്. കോട്ടയവും പാലക്കാടും പത്തനംതിട്ടയും ആ നേട്ടങ്ങളുടെ അവകാശികളായി. പൂരക്കളിയില്‍ തുടര്‍ച്ചയായ വിജയങ്ങളിലൂടെ ചരിത്രം സൃഷ്ടിച്ച കരിവെള്ളൂര്‍ എ.വി സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു ഹൈസ്‌കൂള്‍ വിഭാഗം മത്സരത്തില്‍ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നുവെന്നതും കണ്ണൂരില്‍ പൂരക്കളി മത്സരത്തിലെഴുതിയ പുതുചരിത്രം. ഈ കല കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ട് മൂന്നുപതിറ്റാണ്ട് പിന്നിട്ടെങ്കിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കണ്ണൂര്‍ കാസര്‍കോട് ജില്ലക്കാര്‍ പങ്കിടുകയായിരുന്നു പതിവ്.
കഴിഞ്ഞ നാലഞ്ചു വര്‍ഷമായി മറ്റു ജില്ലക്കാര്‍ ഈയിനത്തില്‍ ശ്രദ്ധപതിപ്പിച്ചതോടെ മത്സരത്തിനു വീറും വാശിയും കൈവന്നു. ചുവടുകളിലും പാട്ടിലും ഇഴചേരുന്ന നാട്ടുപാരമ്പര്യത്തിനൊപ്പം തന്നെ മുന്നേറുകയാണ് മറ്റുജില്ലകളില്‍ നിന്നുള്ള ടീമുകളും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള പൂരക്കളി പരിശീലകര്‍ തന്നെയാണ് എല്ലാ ജില്ലകളിലുമെത്തി പരിശീലനം നല്‍കുന്നത്. ഇത്തവണ 15 ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഒന്നാംസ്ഥാനം നേടിയ കാടങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കാടങ്കോട് ഷാജിയുടെ ശിക്ഷണത്തിലാണ് മത്സരത്തിനെത്തിയത്. പ്രതിഫലം വാങ്ങാതെ കലയോടുള്ള ആത്മസമര്‍പ്പണം കൊണ്ടുമാത്രം കുട്ടികളെ പരിശീലിക്കാന്‍ എത്തിയ ഈ ഗുരുനാഥനുള്ള ഗുരുദക്ഷിണകൂടിയാണ് ഈ വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."