സ്‌നിഗ്ദക്ക് ഈ വിജയം മധുരപ്രതികാരം
കണ്ണൂര്‍: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അഞ്ചാംസ്ഥാനത്തേക്കു വിധികര്‍ത്താക്കള്‍ പിന്തള്ളിയ മത്സരാര്‍ഥിക്ക് സംസ്ഥാനത്ത് രണ്ടാംസ്ഥാനം. മലപ്പുറത്തുനിന്നു കോടതി വിധിയുടെ പിന്‍ബലത്തില്‍ സംസ്ഥാനതലത്തില്‍ മത്സരിച്ച സ്‌നിഗ്ദ ശ്രീനിവാസനാണ് രണ്ടാംസ്ഥാനവും എ ഗ്രേഡുമായി ജില്ലയില്‍ തന്നെ പുറംതള്ളിയ വിധികര്‍ത്താക്കള്‍ക്ക് മറുപടി നല്‍കിയത്.
കഴിഞ്ഞ സംസ്ഥാന കലോത്സവത്തിലെ ഒന്നാംസ്ഥാനക്കാരിയാണ് സ്‌നിഗ്ദ. എന്നാല്‍ ഇത്തവണ ജില്ലയില്‍ വിധികര്‍ത്താക്കള്‍ നല്‍കിയത് അഞ്ചാംസ്ഥാനമായിരുന്നു. ഒന്നാംസ്ഥാനക്കാരിയുമായി 19 പോയിന്റ് വ്യത്യാസം. ഇതോടെ അപ്പീലിലൂടെ പോലും സംസ്ഥാനതലത്തിലേക്ക് മത്സരിക്കാനുള്ള സ്‌നിഗ്ദയുടെ സാധ്യതയും മങ്ങി. ഡി.ഡി.ഇക്ക് പരാതി നല്‍കിയെങ്കിലും തള്ളപ്പെട്ടു. തുടര്‍ന്ന് രക്ഷിതാക്കള്‍ താനൂര്‍ മുന്‍സിഫ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് ഇവര്‍ക്ക് അനുകൂലമായ വിധിവന്നത്. ഇതോടെ കണ്ണൂര്‍ക്ക് വണ്ടി കയറിയ സ്‌നിഗ്ദ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ പങ്കെടുത്ത് എ ഗ്രേഡും രണ്ടാംസ്ഥാനവും നേടി. സമൂഹത്തിലെ എട്ടുകാലി മമ്മൂഞ്ഞുമാരെ വേദിയില്‍ അവതരിപ്പിച്ച സ്‌നിഗ്ദക്ക് ഈ വിജയം തന്റെ കഴിവിനെ പരിഹസിച്ച ജില്ലയിലെ വിധികര്‍ത്താക്കളോടുള്ള മധുരപ്രതികാരവുമായി. കലാഭവന്‍ നൗഷാദിന്റെ ശിക്ഷണത്തില്‍ മോണോആക്ട് അഭ്യസിക്കുന്ന സ്‌നിഗ്ദ താനൂര്‍ വില്ലേജ് ഓഫിസര്‍ ശ്രീനിവാസന്റെയും ചെറിയമുണ്ട വില്ലേജ് ഓഫിസര്‍ ജ്യോതിയുടെയും മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."