യുവാക്കളോട് യുദ്ധത്തിന് ആഹ്വാനം ചെയ്യുന്ന വിഡിയോ പുറത്ത്
ശ്രീനഗര്‍: തീവ്രവാദി ആക്രമണത്തില്‍ പുല്‍വാമയില്‍ അഞ്ച് സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ട് ഒരു ദിവസം പിന്നിടുമ്പോള്‍ ഇന്ത്യക്കെതിരേയുള്ള ജയ്ഷെ മുഹമ്മദിന്റെ വിഡിയോ പുറത്ത്. കശ്മീരി യുവാക്കളോട് ഇന്ത്യക്കെതിരേ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്ന വിഡിയോയാണ് പുറത്തായിരിക്കുന്നത്. ഭീകരാക്രമണത്തിന് മുന്‍പ് കൊല്ലപ്പെട്ട ജെയ്ഷെ മുഹമ്മദ് ഭീകരരിലൊരാലായ ഫര്‍ദീന്‍ ചിത്രീകരിച്ച വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഞായറാഴ്ച രാവിലെയാണ് പുല്‍വാമയിലെ സി.ആര്.പി.എഫ് സൈനിക പരിശീലന ക്യാംപിനു നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് സി.ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും മൂന്ന് സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്. പ്രത്യാക്രമണത്തില്‍ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരും കൊല്ലപ്പെട്ടിരുന്നു. ഇവരിലൊരാള്‍ ജമ്മു കശ്മിര് പൊലിസ് കോണ്‍സ്റ്റബിള്‍ ഗുലാം മുഹമ്മദ് ഖാന്ദെയുടെ മകന് 16കാരനായ ഫര്‍ദീന്‍ അഹമദ് ഖാണ്ഡെയാണന്നും പുറത്തുവന്ന വിഡിയോ വ്യക്തമാക്കുന്നു.
ഫര്‍ദീന്‍ ഖാണ്ഡെയാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നതും. എട്ടു മിനുട്ട് ദൈര്‍ഘ്യമുള്ളതാണ് വിഡിയോ.
ഈ സന്ദേശം നിങ്ങളിലെത്തുന്നതിനു മുന്‍പേ ഞാന്‍ ദൈവത്തിന്റെ അതിഥിയായി സ്വര്ഗത്തിലെത്തിയിട്ടുണ്ടാകുമെന്ന് വിഡിയോയില്‍ ഫര്‍ദീന്‍ പറയുന്നു. തൊഴിലില്ലായ്മയാണ് കശ്മിരി യുവാക്കള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണമെന്നും വിഡിയോയില്‍ ഫര്‍ദീന്‍ പറയുന്നു.
യുവാക്കളോട് ജെയ്ഷെ മുഹമ്മദില്‍ ചേരാനുള്ള ആഹ്വാനവുമുണ്ട്. ആക്രമണം നടത്തുന്നതിന് മൂന്ന് മാസം മുന്‍പാണ് ഖാണ്ഡെ ജെയ്ഷെ മുഹമ്മദില്‍ ചേര്‍ന്നതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."