കൊല്ലപ്പെട്ടത് പാവങ്ങളല്ലേ, അവരെ മറന്നേക്കാം..!
കേരളത്തിന്റെ തീരക്കടലില്‍വച്ച് രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികരില്‍ രണ്ടാമനും സര്‍വതന്ത്രസ്വതന്ത്രനായി സ്വന്തം നാട്ടിലേയ്ക്കു പോകുകയാണ്. കൊലക്കുറ്റത്തിനു വിചാരണ നേരിടുന്ന സാല്‍വത്തോറെ ജീറോണിന് ഇറ്റലിയിലേയ്ക്കു പോകാന്‍ ഇന്ത്യയിലെ പരമോന്നതകോടതി അനുമതി നല്‍കിക്കഴിഞ്ഞു. ജീറോണിന്റെ കൂട്ടുപ്രതിയായ മാസിമിലിയോ ലെത്തോറെ കോടതിയുടെ അനുമതിയോടെ നേരത്തേതന്നെ നാട്ടിലേയ്ക്കു പോയിരുന്നു.
അന്താരാഷ്ട്രമധ്യസ്ഥ കോടതിയുടെ തീര്‍പ്പുവരുംവരെയെന്ന ഉപാധിയോടെയാണ് ഈ വിട്ടയയ്ക്കല്‍. ഇറ്റലിയും ഇന്ത്യയും ഈ കേസിന്റെ കാര്യത്തില്‍ ധാരണയിലെത്തിയെന്ന വാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കെ അന്താരാഷ്ട്ര മധ്യസ്ഥക്കോടതിയുടെ തീര്‍പ്പ് എന്തായിരിക്കുമെന്ന കാര്യത്തില്‍ അധികം തലപുണ്ണാക്കേണ്ടതില്ല. അതിനുപിന്നാലെ കടല്‍ക്കൊലക്കേസിന്റെ ഭാവിയെന്താകുമെന്നും ഊഹിക്കാവുന്നതേയുള്ളു. കേസില്‍ പ്രതികളായ ജീറോണിനും ലെത്തോറെയ്ക്കും ഇനി പ്രതികളായി ഇവിടേയ്ക്കു വരേണ്ടിവരില്ലെന്ന സൂചനയാണ് ഇതുവരെയുള്ള സ്ഥതിഗതികള്‍ വ്യക്തമാക്കുന്നത്.
മാസിമിലിയോ ലെത്തോറെയ്ക്ക് ഇളവുകൊടുത്തതിനെ ഒരുപക്ഷേ, ന്യായീകരിക്കാനാവും. ഇവിടത്തെ റിമാന്‍ഡില്‍ കഴിയുന്നതിനിടയില്‍ പക്ഷാഘാതമുണ്ടായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥനപ്രകാരം നാട്ടിലേയ്ക്കു പോകാന്‍ സുപ്രിംകോടതി അനുമതി കൊടുത്തത്. അതിനെ മാനുഷികപരിഗണനയെന്നു പറയാം. എന്നാല്‍, ജീറോണിന്റെ കാര്യത്തില്‍ അതല്ല സംഭവിച്ചത്. മോദി സര്‍ക്കാരും ഇറ്റാലിയന്‍ സര്‍ക്കാരും തമ്മില്‍ കടല്‍ക്കൊലക്കേസു സംബന്ധിച്ചു കഴിഞ്ഞ ഏപ്രിലില്‍ ധാരണയിലെത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. അതിനു പിന്നാലെയാണ് നാവികനെ വിട്ടയയ്ക്കണമെന്ന അന്താരാഷ്ട്ര മധ്യസ്ഥക്കോടതി നിര്‍ദ്ദേശമുണ്ടായത്.
ഈ നിര്‍ദ്ദേശം വന്നയുടന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം ഇതു സംബന്ധിച്ചു സുപ്രിംകോടതി തീരുമാനമെടുക്കുമെന്നായിരുന്നു. സ്വന്തം ഉത്തരവാദിത്വത്തില്‍നിന്നു ഭരണകൂടം പിന്തിരിയുകയാണെന്ന സൂചനയായിരുന്നു അത്. കോടതിയില്‍ ഈ വിഷയമെത്തിയപ്പോഴാകട്ടെ കേന്ദ്രസര്‍ക്കാര്‍ തനിനിറം വ്യക്തമാക്കുകയും ചെയ്തു. കടല്‍ക്കൊലക്കേസ് പ്രതിയെ വിട്ടയയ്ക്കുന്നതില്‍ തെറ്റില്ല എന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഭരിക്കുന്നവര്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ നീതിപീഠം കടുംപിടുത്തം കാണിക്കുമോ നാവികനെ വിട്ടയയ്ക്കാന്‍ സ്വാഭാവികമായും സുപ്രിംകോടതി ഉത്തരവിട്ടു.
നാവികനെ വിട്ടയയ്ക്കാനുള്ള ഉത്തരവിനു പിന്നാലെ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെ അതിനിശിതമായി വിമര്‍ശിച്ചു രംഗത്തെത്തിയത് ശ്രദ്ധേയമാണ്. അഗസ്റ്റ വെസ്റ്റ്‌ലാന്റ കോപ്റ്റര്‍ അഴിമതിക്കേസില്‍ സോണിയാഗാന്ധിയെ കുരുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റാലിയന്‍ സര്‍ക്കാരുമായി ഗൂഢാലോചന നടത്തിയെന്നും അതിനു പ്രത്യുപകാരമായി ഇറ്റാലിയന്‍ നാവികരെ വിട്ടയയ്ക്കാമെന്ന് ഉറപ്പുകൊടുത്തിരുന്നുവെന്നും കോണ്‍ഗ്രസ് നേരത്തേതന്നെ ആരോപണം ഉന്നയിച്ചിരുന്നു. തങ്ങളുയര്‍ത്തിയ ആരോപണം ശരിയാണെന്നു പുതിയ സംഭവവികാസങ്ങള്‍ തെളിയിച്ചിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. കോണ്‍ഗ്രസിന്റെ ആരോപണം നിഷ്പക്ഷമതികള്‍ക്കു കണ്ണുമടച്ചു തള്ളിക്കളയാനാകില്ല.
ഈ സംഭവത്തില്‍നിന്നു രണ്ടുകാര്യങ്ങള്‍ ബോധ്യമാകും. ഒന്ന്, സ്വന്തം പൗരന്മാരുടെ ക്ഷേമത്തിലും സുരക്ഷയിലും ഇറ്റാലിയന്‍ സര്‍ക്കാരിനുള്ള താല്‍പ്പര്യവും ശ്രദ്ധയുമാണ്. ഇറ്റാലിയന്‍ നാവികര്‍ ചെയ്തത് ഏതു രാജ്യത്തെ നിയമമനുസരിച്ചും പച്ചയായ കൊലപാതകമാണെന്ന് എല്ലാവര്‍ക്കുമറിയാം. അന്യരാജ്യക്കാരന്‍ തങ്ങളുടെ അതിര്‍ത്തി കടന്നുവന്ന് തങ്ങളുടെ പൗരന്മാരെ വെടിവച്ചുകൊന്നാല്‍ പ്രതിയെ മാനുഷികപരിഗണനവച്ചു വിട്ടയയ്ക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ തയാറാകുമെന്ന് അവര്‍പോലും പറയില്ല. അക്ഷന്തവ്യമായ ക്രിമിനല്‍ക്കുറ്റമാണ് ആ നാവികര്‍ ചെയ്തത്. എന്നിട്ടും, എല്ലാ നിയമങ്ങളും അട്ടിമറിപ്പിച്ച് തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന്‍ അവര്‍ തയാറാകുന്നുവെന്നതു ശ്രദ്ധിക്കേണ്ടതാണ്. പൗരസംരക്ഷണമെന്ന സര്‍ക്കാരിന്റെ കടമയാണ് ഇവിടെ കാണുന്നത്. തങ്ങളുടെ ആവശ്യത്തിനു വഴങ്ങാതിരുന്ന യു.പി.എ സര്‍ക്കാരുമായുള്ള നയന്ത്രബന്ധം ഉപേക്ഷിക്കാന്‍വരെ ഒരുങ്ങിയവരാണ് അവര്‍.
എന്നാല്‍, ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതോ ഇറ്റലിയുമായുള്ള നയതന്ത്രബന്ധം ഉലയാതിരിക്കാനോ സോണിയാഗാന്ധിയെ കുരുക്കാനുള്ള സഹായത്തിനു പ്രത്യുപകാരം ചെയ്യാനോ വേണ്ടി ഇന്ത്യയിലെ രണ്ടു പൗരന്മാരെ വെടിവച്ചുകൊന്നവരെ രക്ഷിക്കാന്‍ കൂട്ടുനില്‍ക്കുകയാണ്. സായിപ്പിനെ കണ്ടാല്‍ കവാത്തുമറക്കുന്ന ഈ പണിയെ അടിമമനോഭാവമെന്നാണു വിളിക്കേണ്ടത്. വെടിയേറ്റു മരിച്ച നിരപരാധികളായ രണ്ടു മത്സ്യത്തൊഴിലാളികളോടും അവരുടെ നിരാശ്രയരായ കുടുംബത്തോടും ചെയ്യുന്ന കടുത്ത അനീതിയാണിത്.
വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികള്‍ അതിര്‍ത്തിലംഘിച്ചവരോ ഇറ്റാലിയന്‍ നാവികരെ ആക്രമിക്കാനോ പ്രകോപിപ്പിക്കാനോ ശ്രമിച്ചവരോ അല്ലെന്ന് ഓര്‍ക്കണം. കുടുംബത്തിന്റെ പട്ടിണിമാറ്റാന്‍ കടലിനോടു മല്ലടിച്ചു മീന്‍ പിടിക്കാന്‍ പോയവരാണവര്‍. കൈയില്‍ പേനാക്കത്തിപോലുമില്ലാത്ത തികച്ചും നിരായുധരായ ആ മീന്‍പിടുത്തക്കാരെയാണ് ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചു നിശ്ചലരാക്കിയത്. കടല്‍ക്കൊള്ളക്കാരാണെന്നു തെറ്റിദ്ധരിച്ചാണു വെടിയുതിര്‍ത്തതെന്നു നാവികര്‍ പറയുന്നു.
പ്രാണരക്ഷാര്‍ഥം വെടിയുതിര്‍ക്കുന്നതില്‍ അസ്വാഭാവികതയില്ല. അങ്ങനെ സംഭവിക്കാറുണ്ട്. എന്നാല്‍, അത് താന്‍ ആക്രമിക്കപ്പെടുമ്പോഴോ ഗത്യന്തരമില്ലാത്ത ഘട്ടത്തിലോ മാത്രമായിരിക്കണം. ഇവിടെ മീന്‍പിടിക്കാന്‍പോയ ബോട്ടിലുണ്ടായിരുന്നവര്‍ എന്തു പ്രകോപനമാണുണ്ടാക്കിയതെന്നോ തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചെന്നുപോലുമോ കടല്‍ക്കൊലക്കേസ് പ്രതികള്‍ പറഞ്ഞിട്ടില്ല. ഒരു പ്രകോപനവുമില്ലാതെ കൊന്നുതള്ളുന്നവര്‍ ഏതു രാജ്യക്കാരായാലും, അവരുടെ തൊലിനിറമെന്തായാലും ശിക്ഷിക്കപ്പെടണം. അതിന് ആരുടെയും മുന്നില്‍ മുട്ടുമടക്കാത്ത ഭരണാധികാരികളുണ്ടാവണം. അല്ലാതിരുന്നാല്‍, ആര്‍ക്കും ഇന്ത്യയിലെ ഏതു സംസ്ഥാനത്തും കടന്നുവന്ന് ആരെയും വകവരുത്തി തിരിച്ചുപോകാമെന്ന സ്ഥിതിവരും. കൊല്ലപ്പെട്ടതു പട്ടിണിപ്പാവങ്ങളല്ലേ, അവരെ മറന്നേയ്ക്കാമെന്നു ചിന്തിക്കുന്നതുക്രൂരമാണ്. പാപവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."