ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവരൂപങ്ങള്‍ വിറ്റ് ജീവിക്കുന്നവര്‍
പുതുക്കാട്: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇവര്‍ ജീവിക്കുന്നത് ദൈവത്തിന്റെ രൂപങ്ങള്‍ വിറ്റ്. ആനക്കമ്പക്കാരുടെ തട്ടകമായ തൃശൂരില്‍ ആനയുടെ രൂപങ്ങളും ഇവര്‍ ജീവിക്കാനായി വിറ്റഴിക്കുന്നു. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയില്‍ നിന്നെത്തിയ ബാബുലാല്‍ (50), ബന്ധുവായ രാകേഷ് (26), ഭാര്യ സീത (21), ചാമ്പലാല്‍(20), ഓംപ്രകാശ് (28), പുണരാം (11), ശ്രാവണ്‍ (22) എന്നിവരാണ് അവര്‍. കൂടാതെ രാകേഷിന്റെയും സീതയുടെയും മകന്‍ നാല് വയസുകാരന്‍ മനോവറും കൂട്ടത്തില്‍ ഉണ്ട്. തൃശൂര്‍ ജില്ലയിലെ നെല്ലായി കേന്ദ്രീകരിച്ചാണ് ഈ എട്ടംഗ സംഘം തങ്ങളുടെ കച്ചവടം നടത്തുന്നത്. നെല്ലായിയില്‍ തന്നെയാണ് ഇവര്‍ ജീവിക്കുന്നതും. നാല് വര്‍ഷം മുമ്പാണ് ഇവര്‍ നെല്ലായിയില്‍ ദൈവ രൂപങ്ങളുടെ കച്ചവടത്തിനായി എത്തിയത്. തങ്ങളുടെ കച്ചവടത്തിന് നല്ല മണ്ണാണ് നെല്ലായി എന്ന് കണ്ടത് കൊണ്ടാകാം ഈ എട്ടംഗ സംഘം ഇവിടം തന്നെ തങ്ങളുടെ കേന്ദ്രമാക്കിയത്.
ഉത്സവ പറമ്പുകളും തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്ന പള്ളി പരിസരങ്ങളുമാണ് ഇവരുടെ പ്രധാന വില്‍പ്പന കേന്ദ്രങ്ങള്‍. തങ്ങളുടെ പരിസരത്തിലെ പള്ളി, അമ്പലങ്ങളിലെ ആഘോഷങ്ങളുടെ തീയതികള്‍ ഇവര്‍ക്ക് ഹൃദിസ്ഥം. വഴിയാത്രക്കാരും പലപ്പോഴും ഇവരുടെ ഇടപാടുകാരാണ്. ഓട്ടോറിക്ഷകളിലും നാല് ചക്രമുള്ള ഉന്തു വണ്ടികളിലുമാണ് ഇവര്‍ തങ്ങളുടെ 'ഉല്‍പ്പന്നങ്ങള്‍' ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നത്.
തമിഴ്‌നാട്ടില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് നിര്‍മ്മിച്ച വെള്ള നിറത്തിലുള്ള കൃഷ്ണന്റെയും ഗണപതിയുടെയും ആനയുടെയും മറ്റും രൂപങ്ങള്‍ ലോറിയില്‍ ഇവിടെ എത്തുന്നു. ഡൈ ഉപയോഗിച്ച് ആവശ്യമുള്ള നിറം കൊടുത്ത് ഇവര്‍ ഇവിടെ തന്നെ ദൈവ രൂപങ്ങളെയും മറ്റും വെയിലില്‍ ഉണക്കിയെടുക്കുന്നു. പിന്നീട് കണ്ണ്, പുരികം തുടങ്ങിയവ വരച്ച് കൂടുതല്‍ ആകര്‍ഷകമാക്കുന്നു. 80 മുതല്‍ 150 രൂപ വരെയാണ് ദൈവങ്ങളുടെ വില. ആനകള്‍ക്കും ഏതാണ്ട് ഇതേ വില തന്നെ. നെല്ലായിയില്‍ ജീവിക്കുന്നവരെ കൂടാതെ ധാരാളം പേര് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെന്നു ഇവര്‍ തന്നെ പറഞ്ഞു. അത്യാവശ്യം പ്രാഥമിക വിദ്യാഭ്യാസം ഇവര്‍ക്കുണ്ട്. പിന്നെ മറ്റുള്ളവരില്‍ നിന്നും ലഭിക്കുന്ന വാമൊഴി അറിവുകളും നാടുതെണ്ടല്‍ വഴി കിട്ടുന്ന അറിവുകളും ഇവരെ ജീവിക്കാന്‍ പ്രാപ്തരാക്കുന്നു.
സ്‌കൂളില്‍ പോകാത്തവരും ഇവരുടെ കൂട്ടത്തില്‍ ഉണ്ട്. കേരളത്തില്‍ ഉത്സവങ്ങള്‍ കൊട്ടിക്കലാശിക്കുന്ന ഏപ്രില്‍ മാസം അവസാനത്തോടെയാണ് ഇവരില്‍ പലരും സ്വന്തം നാടായ രാജസ്ഥാനിലേക്ക് പോകുന്നത്. പിന്നെ കുറച്ചു നാള്‍ സ്വന്തം നാട്ടില്‍. ശേഷം ജീവിക്കാനായി വീണ്ടും ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ആരവങ്ങളിലേക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."