ബൈപാസ് റോഡ് പദ്ധതി ഉപേക്ഷിക്കാന്‍ സത്യഗ്രഹം
കൊയിലാണ്ടി: നന്തി-ചെങ്ങോട്ട്കാവ് ബൈപാസ് പദ്ധതിക്കു പകരം ദേശീയപാത വീതികൂട്ടണമെന്ന് ആവശ്യപ്പെട്ട് ബൈപാസ്‌വിരുദ്ധ സമിതി അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങി. നൂറുകണക്കിനു കുടുംബങ്ങളെ വഴിയാധാരമാക്കുന്ന ബൈപാസ് റോഡ് പദ്ധതിയുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരും കൊയിലാണ്ടി എം.എല്‍.എയും പ്രദേശത്തുകാര്‍ക്കു നല്‍കിയ ഉറപ്പ് ലംഘിച്ചതായി ആരോപിച്ചാണ് സത്യഗ്രഹ സമരവുമായി ജനകീയവേദി രംഗത്തു വന്നത്. നിലവിലുള്ള നഷ്ടപരിഹാര പാക്കേജുകള്‍ അംഗീകരിക്കാനാകില്ലെന്നും 1972-ല്‍ ദേശീയപാതാ വികസനത്തിനു തറക്കല്ലിട്ടതാണന്നും ഇവര്‍ പറഞ്ഞു.
കാലപ്പഴക്കത്താല്‍ തകര്‍ന്നുവീഴാന്‍ സാധ്യതയുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നതിനാണു സര്‍ക്കാരും എം.എല്‍.എയും ശ്രമിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 600 കിണറുകളും ഒട്ടേറെ ജലാശയങ്ങളും ഏക്കര്‍ കണക്കിനു പാടശേഖരങ്ങളുമാണ് ബൈപാസ് നിര്‍മാണത്തെ തുടര്‍ന്നു ഇല്ലാതാവുക. നൂറുകണക്കിനു കുടുംബങ്ങളെ പെരുവഴിയിലാക്കുന്ന തീരുമാനത്തില്‍ നിന്നു സര്‍ക്കാര്‍ പിന്മാറുന്നതു വരെ സമരവുമായി മുന്നോട്ടു പോകാനാണു ബൈപാസ്‌വിരുദ്ധ സമിതിയുടെ തീരുമാനം. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കു മുന്നില്‍ സമരപ്പന്തല്‍ കെട്ടിയിട്ടുണ്ട്. സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ സമരം ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."