മാലിന്യം നിറഞ്ഞ് ദേശീയ പാതയോരങ്ങള്‍
മീനങ്ങാടി: സ്വദേശികളും വിദേശികളും പാതയോരങ്ങളും ജലാശയങ്ങളും കൃഷിയിടങ്ങളും മാലിന്യം നിറക്കുമ്പോഴും ഒന്നുമറിയാത്ത ഭാവത്തിലാണ് അധികൃതര്‍. ജില്ലയിലെ ജനവാസ കേന്ദ്രങ്ങളിലും ദേശീയ പാതയോരങ്ങളിലും മാലിന്യ നിക്ഷേപത്തിന് കൃത്യമായ സംവിധാനങ്ങളില്ലാത്തതിനാല്‍ സഞ്ചാരികളും മറ്റും തോന്നിയപോലെ പ്ലാസ്റ്റിക് ഉള്‍പെടെയുള്ള മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കോഴിവേസ്റ്റ്, സര്‍ജിക്കല്‍ വേസ്റ്റ്, കക്കൂസ് മാലിന്യം, വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യം, വീടുകളില്‍ നിന്നുമുള്ള മാലിന്യം, വിനോദ സഞ്ചാരികള്‍ ഒഴിവാക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് കുപ്പികളും, മദ്യപിച്ചു വലിച്ചെറിയുന്ന കുപ്പികള്‍ തുടങ്ങിയവ ജില്ലയിലെ ഒട്ടുമിക്ക ഭാഗങ്ങളിലും കാണുന്ന കാഴ്ചകളാണ്.
ജില്ലയുടെ കാലാവസ്ഥയും പ്രകൃതിയും വരുമാനമാക്കുന്ന ടൂറിസം, വനം വകുപ്പുകള്‍ക്ക് പുറമേ തദ്ദേശ സ്ഥാപനങ്ങളും മാലിന്യ വിഷയത്തില്‍ അലംബാവം തുടരുകയാണ്. വാഹനങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ സര്‍ജിക്കല്‍ മാലിന്യമുള്‍പ്പടെ ചാക്കില്‍ കെട്ടി പാതയോരത്ത് ഉപേക്ഷിച്ചു കടന്നു കളയുന്നവരെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു നടപടിയുമുണ്ടാവുന്നില്ലെന്ന് കണ്ട് മുത്തങ്ങ മുതല്‍ ലക്കിടി വരെയുള്ള പാതയോരത്ത് ഓരോ ദിവസം കഴിയുംതോറും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുകയാണ്. ഇതിന് പുറമെയാണ് കോഴിവേസ്റ്റ്, ബാര്‍ബര്‍ ഷോപ്പില്‍ നിന്നും ഒഴിവാക്കുന്ന മുടി, ബ്ലൈഡ് തുടങ്ങിയവ റോഡരികിലും തോടുകളിലും പുഴകളിലും നിക്ഷേപിക്കുന്നത്. സമീപ ജില്ലയില്‍ നിന്ന് വരെ മാലിന്യം വയനാടന്‍ ചുരം കയറുമ്പോള്‍ നാട്ടുകാരുടെ ഇടപെടല്‍ കൊണ്ട് മാത്രമാണ് മാലിന്യ നിക്ഷേപംകണ്ടെത്തി തിരിച്ചയക്കാന്‍ കഴിയുന്നത്.
അന്യ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കരാര്‍ വ്യവസ്ഥയില്‍ സേഫ്റ്റി ടാങ്ക് വൃത്തിയാക്കുന്നവര്‍ വരെ ഇപ്പോള്‍ കക്കൂസ് മാലിന്യമുള്‍പ്പടെ ചെറിയ ടാങ്കറില്‍ കയറ്റി തള്ളുന്നത് കൃഷിയിടങ്ങളിലും ജനവാസകേന്ദ്രങ്ങളിലുമാണ്.
ജനകീയ കൂട്ടായ്മകളിലൂടെ ഇത്തരക്കാരെ പിടികൂടുന്നതിനായി ചില ശ്രമങ്ങള്‍ നടന്നെങ്കിലും ഇതൊന്നും ശാശ്വത പരിഹാരമാകുന്നില്ല. ബോധവല്‍കരണവും മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനങ്ങളുമൊരുക്കിയില്ലെങ്കില്‍ പ്രകൃതി രമണീയമായ ജില്ല വെറും മാലിന്യകൂമ്പാരമാകാന്‍ സാധ്യത കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."