ഉല്‍പ്പാദനക്കുറവും കീടബാധയും കേരകര്‍ഷകര്‍ പ്രതിസന്ധിയില്‍
പുല്‍പ്പള്ളി: നാളികേരത്തിന് വില കുതിച്ചുയരുമ്പോഴും ഉല്‍പ്പാദനക്കുറവും കീടബാധയും മൂലം കര്‍ഷകര്‍ പ്രതിസന്ധിയില്‍. മാര്‍ക്കറ്റില്‍ കിലോക്ക് 50 രൂപ വിലയുണ്ടെങ്കിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന കൂമ്പുചീയല്‍ രോഗവും വരള്‍ച്ചയും നാളികേര ഉല്‍പ്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
കടുത്ത വേനലിനെ തുടര്‍ന്ന് ഉല്‍പ്പാദനം കുറയുകയും തെങ്ങിന്റെ മടലുകള്‍ ഉണങ്ങി നശിക്കുന്നതുമാണ് പ്രധാന കാരണം. ചെറ്റപ്പാലം, ചാമപ്പാറ, ഉദയക്കവല, ആലത്തൂര്‍, കാപ്പിസെറ്റ്, മരക്കടവ് തുടങ്ങിയ പ്രദേശങ്ങളിലാണ് തെങ്ങിന് കൂമ്പു ചീയല്‍ രോഗം വര്‍ധിച്ച് വരുന്നത്. നിരവധി കീടനാശിനികള്‍ ഉപയോഗിച്ചെങ്കിലും തെങ്ങുകള്‍ പൂര്‍ണമായും നശിക്കുന്ന അവസ്ഥയാണ്.
രോഗം മൂലം നശിച്ചാല്‍ നല്ല കായഫലം ഉള്ള തെങ്ങുകളായിട്ടു പോലും നാമമാത്ര നഷ്ടപരിഹാരമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
രോഗപ്രതിരോധത്തിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടാകാത്തത് കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ നാളികേര വികസന പ്രവര്‍ത്തനങ്ങള്‍ക്കും കൃഷികള്‍ വ്യാപകമാക്കുന്നതിനും കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് പ്രയോജനമില്ലാത്ത അവസ്ഥയാണുള്ളത്.
അടിയന്തരമായി വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിച്ച് രോഗപ്രതിരോധത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുന്നതിന് ജില്ലയിലെ ജനപ്രതിനിധികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."