വരവൂരില്‍ സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷം; സി.ഐ.ടി.യു സമ്മേളനം മുടങ്ങി
ചെറുതുരുത്തി: വരവൂര്‍ പഞ്ചായത്തില്‍ സി.പി.എമ്മില്‍ വലിയ പൊട്ടിത്തെറി പ്രതീക്ഷിച്ചിരുന്ന സി.ഐ.ടി.യു വരവൂര്‍ പഞ്ചായത്ത് സമ്മേളനം നേതൃത്വത്തിന്റെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍മൂലം ഉപേക്ഷിച്ചു. സി.ഐ.ടി.യു വരവൂര്‍ പഞ്ചായത്ത് കമ്മിറ്റി തിച്ചൂരില്‍ നടത്താനായിരുന്നു തീരുമാനമെടുത്തിരുന്നത്. എന്നാല്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയിലെ ഒരു വിഭാഗം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ വച്ചു സമ്മേളനം നടത്താന്‍ ഏകപക്ഷീയമായി തീരുമാനിച്ചു. ഈ നടപടിയിലും കഴിഞ്ഞ കുറച്ചുനാളുകളായി സി.ഐ.ടി.യുവില്‍ പാര്‍ട്ടിയുടെ ഏകപക്ഷീയമായ തീരുമാനം അടിച്ചേല്‍പ്പിക്കുന്നതിലും പ്രതിഷേധിച്ചും സമ്മേളന പ്രതിനിധികളില്‍ ഭൂരിപക്ഷം ആളുകളും വിട്ടുനിന്നു.
സി.ഐ.ടി.യു പഞ്ചായത്ത് കമ്മിറ്റിയില്‍ ആകെ ഏഴ് യൂനിറ്റുകളാണുള്ളത്. സമ്മേളനത്തില്‍ പങ്കെടുക്കേണ്ട പ്രതിനിധികളുടെ എണ്ണം 118 ആയിരുന്നു. എന്നാല്‍ ഇന്നലെ പരിപാടിയില്‍ പങ്കെടുത്തത് 29 പേര്‍ മാത്രമാണ്. നടുവട്ടം യൂനിറ്റ് മാത്രമാണു സമ്മേളനത്തിന് എത്തിയത്. വന്നവരില്‍ ഭൂരിപക്ഷവും പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ നടപടികളില്‍ പ്രതിക്ഷേധിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു.
നിലവിലെ ഭാരവാഹികളെ മാറ്റി പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ.കെ ബാബുവിനെ സി.ഐ.ടി.യു പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് ആക്കാനാണ് പാര്‍ട്ടി ലോക്കല്‍ നേതൃത്വം പദ്ധതിയിട്ടത്.
മരണപ്പെട്ട ഏതെങ്കിലും വ്യക്തിയുടെ പേരിലാണു സാധാരണ സമ്മേളന നഗരിയുണ്ടാവാറുള്ളത്. എന്നാല്‍ സമ്മേളനവുമായി ബന്ധപ്പെട്ട് അടിച്ച ഫ്‌ളക്‌സില്‍ ഏതു നഗറിലാണു സമ്മേളനം നടക്കുന്നതെന്നു വ്യക്തമാക്കിയിരുന്നില്ല.
ദീര്‍ഘകാലം സി.പി.എമ്മിന്റെ ലോക്കല്‍ സെക്രട്ടറിയായും സംഘടനയുടെ പഞ്ചായത്ത് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്ന പി. സഹദേവനുണ്ണിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ ചടങ്ങ് പോലും നടത്താന്‍ പാര്‍ട്ടി തയാറായില്ലത്രെ. എന്നാല്‍ സി.ഐ.ടി.യു പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴുവന്‍ യൂനിറ്റിലും പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ഇതും പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി വരവൂരിലെ പാര്‍ട്ടിക്കകത്ത് ഉരുണ്ടുകൂടിയ നേതൃത്വത്തിനെതിരേയുള്ള പ്രതിഷേധമാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നത്. വര്‍ഗ സംഘടനകളെയെല്ലാം തങ്ങളുടെ ചൊല്‍പടിക്കുകീഴില്‍ നിര്‍ത്തുകയും വിമര്‍ശിക്കുന്നവരെ സംഘടനാ ചുമതലകളില്‍നിന്ന് ഒഴിവാക്കിനിര്‍ത്തുകയും ചെയ്യുന്നത് ലോക്കല്‍ നേതൃത്വത്തിന്റെ ശൈലിയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."