ശബരിമല ക്ഷേത്രത്തിന് വീണ്ടും പഴയ പേര്; ഇനി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും പഴയ രീതിയില്‍ മാറ്റുന്നു. കഴിഞ്ഞ ദേവസ്വം ഭരണസമിതി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ പേര് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കി മാറ്റിയിരുന്നു. ഇത് പഴയ രീതിയില്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്ന് നാമകരണം ചെയ്യാനാണ് പുതിയ ഭരണസമിതിയുടെ തീരുമാനം.
ഇന്ന് കൂടുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് സൂചന. ഇക്കാര്യം യോഗത്തിന്റെ അജണ്ടയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെയാണ് ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രം എന്നത് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കി മാറ്റിയത്. പേര് മാറ്റിയ നടപടി പല കോണുകളില്‍ നിന്നും പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രയാറിന്റെ മാത്രം താല്‍പ്പര്യ പ്രകാരമാണ് പേര് മാറ്റിയതെന്നും ആരോപണമുയര്‍ന്നിരുന്നു. ബോര്‍ഡംഗം കെ. രാഘവന്‍, ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും ക്ഷേത്രത്തിന്റെ പേര് മാറ്റത്തിനെതിരേ രംഗത്തെത്തിയിരുന്നു.
പേര് മാറ്റത്തെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് രേഖകളിലും കത്തിടപാടുകളിലും അയ്യപ്പസ്വാമി ക്ഷേത്രമെന്നാണ് പരാമര്‍ശിച്ചിരുന്നത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് അനുകൂലമാകുന്നതിന് പേര് മാറ്റം ആവശ്യമാണെന്നായിരുന്നു അന്ന് പ്രയാര്‍ വിശദീകരിച്ചിരുന്നത്. അയ്യപ്പ സങ്കല്‍പ്പം നിത്യ ബ്രഹ്മചാരിയാണെന്നും അയ്യപ്പ ക്ഷേത്രം ശബരിമലയില്‍ മാത്രമാണെന്നും അന്ന് വിശദീകരിച്ചിരുന്നു. എന്നാല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് വിലക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സ്ത്രീ പ്രവേശന വിഷയത്തില്‍ പുതിയ ഭരണസമിതി വ്യക്തമായ നിലപാടെടുത്തിട്ടില്ല.
എന്നാല്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ശബരിമല ക്ഷേത്രത്തിന്റെ പേര് പഴയ രീതിയില്‍ മാറ്റുന്നത് ഭക്തര്‍ സ്വീകരിക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേസ് ജയിക്കുന്നതിനുള്ള വളഞ്ഞ വഴിയായിരുന്നു പേരുമാറ്റമെന്നും ഇതുകൊണ്ട് കേസ് ശക്തിപ്പെടുകയോ ദുര്‍ബലപ്പെടുകയോ ഇല്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."