യു.പിയില്‍ ന്യൂനപക്ഷവോട്ടുകള്‍ ഭിന്നിച്ചേക്കും
ന്യൂഡല്‍ഹി: നിയമസഭാതെരഞ്ഞെടുപ്പു നടക്കുന്ന ഉത്തര്‍പ്രദേശില്‍ നിര്‍ണായക ശക്തിയായ മുസ്‌ലിം വോട്ടുകള്‍ ഇത്തവണ ഭിന്നിച്ചേക്കും. ഹൈദരാബാദ് ആസ്ഥാനമായ അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍, രാഷ്ട്രീയ ഉലമാ കൗണ്‍സില്‍, പീസ് പാര്‍ട്ടി, ഖൗമി ഏക്താദള്‍ തുടങ്ങിയ കക്ഷികള്‍ തനിച്ചു മല്‍സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 50 സീറ്റുകളിലാണ് ഉലമാ കൗണ്‍സില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സമാജ് വാദി പാര്‍ട്ടിയെ തുറന്നുകാണിച്ചാവും തങ്ങള്‍ പ്രചാരണം നടത്തുകയെന്ന് ഉലമാ കൗണ്‍സില്‍ സ്ഥാപകന്‍ മൗലാനാ അമീര്‍ റശാദി പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം ഞായറാഴ്ച അസംഗഡില്‍ ഉലമാ കൗണ്‍സില്‍ സംഘടിപ്പിച്ച പ്രചാരണോദ്ഘാടനത്തില്‍ പ്രധാനമായും നിലവിലെ ഭരണകക്ഷിയായ എസ്.പിയെയും മുഖ്യമന്ത്രി അഖിലേഷ് യാദവിനെയുമായിരുന്നു പാര്‍ട്ടി ഉന്നംവച്ചത്. അഖിലേഷിന്റെ കാലത്ത് 475 കലാപങ്ങളാണു നടന്നതെന്ന് അമീര്‍ റശാദി പറഞ്ഞു.
എസ്.പിക്കു ശക്തമായ സ്വാധീനമുള്ള മുസ്‌ലിംഭൂരിപക്ഷ പ്രദേശമായ അസംഗഡിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഉലമാ കൗണ്‍സിലിന്റെ സ്ഥാനാര്‍ഥികള്‍ മത്സരിക്കും. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഉലമാ കൗണ്‍സില്‍ നൂറോളം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നുവെങ്കിലും ഒരിടത്തും വിജയിച്ചിരുന്നില്ല. എന്നാല്‍ ആറുലക്ഷത്തോളം വോട്ടുകള്‍ അവര്‍ക്കു നേടാന്‍ കഴിഞ്ഞിരുന്നു.
യു.പിയില്‍ അഞ്ചുസ്ഥാനാര്‍ഥികളെയെങ്കിലും വിജയിപ്പിച്ച് രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള മുസ്‌ലിംരാഷ്ട്രീയ നേതാവാകാന്‍ തനിക്കു കഴിയുമെന്നാണ് മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് ഉവൈസിയുടെ കണക്കുകൂട്ടല്‍.
പീസ് പാര്‍ട്ടിയാണ് യു.പി മുസ്‌ലിംകള്‍ക്കിടയില്‍ ഏറ്റവും ശക്തിയുള്ള പാര്‍ട്ടി. നിലവില്‍ നാലു എം.എല്‍.എമാരുമുണ്ട്. ചിലപോക്കറ്റുകളില്‍ നല്ല സ്വാധീനമുള്ള ഖൗമി ഏക്താ ദളിന് രണ്ടു എം.എല്‍.എമാരാണുള്ളത്. മുസ്‌ലിംവോട്ടുകള്‍ ഭിന്നിക്കുന്നത് ഏറ്റവുമധികം തിരിച്ചടിയാവുക കോണ്‍ഗ്രസ്- എസ്.പി മുന്നണിക്കാവും.
നാലുകോടിയോളമുള്ള, സംസ്ഥാന ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന യു.പി മുസ്‌ലിംകളില്‍ നല്ലൊരുശതമാനവും എസ്.പിയെ പിന്തുണയ്ക്കുന്നവരാണ്. മുസ്‌ലിംലീഗ് ഏതാനും സീറ്റുകളില്‍ മല്‍സരിക്കുമെങ്കിലും ഏതെങ്കിലും സഖ്യത്തോടൊപ്പം നിന്നാവും തെരഞ്ഞെടുപ്പിനെ നേരിടുക.
അന്തിമതീരുമാനം ഒരാഴ്ച്ചയ്ക്കുള്ളില്‍ ഉണ്ടാവുമെന്നും തനിച്ചു മല്‍സരിക്കില്ലെന്നും പാര്‍ട്ടി ദേശീയ വക്താവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."