ഐ ലീഗ്: ആരോസിനും മോഹന്‍ ബഗാനും തോല്‍വി
കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ കരുത്തരായ മോഹന്‍ബഗാനും ധീരജില്ലാതെ ഇറങ്ങിയ ഇന്ത്യന്‍ ആരോസിനും തോല്‍വി. ചെന്നൈ സിറ്റി എഫ്. സിയാണ് മോഹന്‍ ബഗാനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്പിച്ചത്.
കളി തുടങ്ങി ആറാം മിനുട്ടില്‍ തന്നെ മ്യുരിളോ നല്കിയ പാസില്‍ നിന്ന് ജോക്കിം ഗോള്‍ നേടി. ഗോള്‍ തിരിച്ചടിക്കാനുള്ള മോഹന്‍ ബഗാന്റെ ശ്രമങ്ങള്‍ക്കിടെ ചെന്നൈ താരം മോഹന്‍രാജ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
ബോക്സിനുള്ളില്‍ പന്ത് കൈ കൊണ്ട് തൊട്ടതിനായിരുന്നു ചുവപ്പ് കാര്‍ഡ് ലഭിച്ചത്. തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ബഗാന്റെ ക്രോമ വലയിലെത്തിച്ചതോടെ കളി ഒപ്പത്തിനൊപ്പമായി. പത്തു പേരുമായി ചുരുങ്ങിയ ചെന്നൈയുടെ പോസ്റ്റിലെക്ക് പന്തെത്തിക്കാന്‍ മോഹന്ബഗാന് കിണഞ്ഞു ശ്രമിച്ചെങ്കിലും 71-ാം മിനിറ്റില്‍ ചെന്നൈയുടെ രണ്ടാമത്തെ ഗോളും വന്നു.
ഇതോടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബഗാന് പ്രധിരോധത്തിലായി. ഗോള്‍ മടക്കാനുള്ള ശ്രമങ്ങള്‍ക്കിടെ മോഹന്‍ ബഗാന്റെ രണ്ട് താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് കാണേണ്ടി വന്നു. ഗോളൊന്നും മടക്കാനാവാതെ വന്നതോടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോല്‍വി ഏറ്റുവാങ്ങി ബഗാന് കളംവിട്ടു. രണ്ടാമത്തെ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഈസ്റ്റ് ബംഗാള്‍ ഇന്ത്യന്‍ ആരോസിനെ തകര്‍ത്തു. കീപ്പര്‍ ധീരജ് ഇല്ലാതെയാണ് ടീം ഇറങ്ങിയത്. ധീരജ് ഇല്ലാത്തത് ടീമിനെ ബാധിക്കില്ലെന്ന കോച്ച് മാത്തോസിന്റെ വാദം പൊളിയുന്നതായിരുന്നു ഇന്ന ലത്തെ ആരോസിന്റെ പ്രകടനം. നിസാരമായി തട്ടിയകറ്റാവുന്ന രണ്ട് ഷോട്ടുകളാണ് ഗോളില്‍ കലാശിച്ചത്. ഇതോടെ ധീരജിന് പകരക്കാരനെ കണ്ടെത്തുകയെന്ന വലിയ കടമ്പക്ക് പരിശീലകന് മാത്തോസിന് പരിഹാരം കാണേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."