ഞങ്ങളുടെ ഡെഡ്‌ബോഡി ഞങ്ങള്‍ക്കു വേണം
കേരളത്തില്‍ രക്തസാക്ഷികളില്ലാത്ത പാര്‍ട്ടിയുടെ അവസ്ഥ ഉപ്പില്ലാത്ത കഞ്ഞി എന്നൊക്കെ പറയുന്നതുപോലെയാണ്. പേരിനെങ്കിലും ഒരു രക്തസാക്ഷി (ചിലര്‍ ബലിദാനി എന്നും പറയും) ഇല്ലെങ്കില്‍ ഒരു പാര്‍ട്ടിക്കും പിടിച്ചുനില്‍ക്കാനാവില്ല. രക്തസാക്ഷി സമ്പന്നതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് സി.പി.എമ്മും ബി.ജെപിയുമാണ്. വലിപ്പത്തിനനുസരിച്ചില്ലെങ്കിലും കോണ്‍ഗ്രസിനും സി.പി.ഐക്കും മുസ്‌ലിംലീഗിനുമൊക്കെയുണ്ടു കുറച്ചു രക്തസാക്ഷികള്‍. വളരെ ചെറിയപാര്‍ട്ടിയായ ആര്‍.എം.പി നാമാവശേഷമാവാതെ നിലനില്‍ക്കുന്നതു തന്നെ ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന്റെ പേരിലാണ്.
പരമാവധി രക്തസാക്ഷികളെ ഉണ്ടാക്കിയെടുക്കാന്‍ രാഷ്ട്രീയകക്ഷികള്‍ ശ്രദ്ധിച്ചുപോരുന്നുണ്ട്. കാല്‍നൂറ്റാണ്ടു മുമ്പിറങ്ങിയ 'സന്ദേശം' സിനിമയില്‍ 'ഞങ്ങളുടെ ഡെഡ്‌ബോഡി ഞങ്ങള്‍ക്കു വേണ'മെന്നു പറഞ്ഞു കടിപിടികൂടുന്ന രാഷ്ട്രീയകഥാപാത്രങ്ങള്‍ ഒട്ടും അതിശയോക്തിയല്ലെന്നു കേരളരാഷ്ട്രീയം തെളിയിച്ചുകൊണ്ടിരിക്കയാണ്. പണ്ടുകാലത്ത് രാഷ്ട്രീയസമരങ്ങള്‍ അടിച്ചമര്‍ത്തുമ്പോഴാണ് രക്തസാക്ഷികളുണ്ടാവുക. ഇപ്പോള്‍ ഇടക്കിടെ ശത്രുചേരിയിലെ ഓരോരുത്തരെ തട്ടിക്കൊണ്ടിരുന്നാല്‍ മതി, ഒന്നിനു പകരം ഒന്നോ രണ്ടോ തിരിച്ചുകിട്ടും. കാര്യം വളരെ എളുപ്പം.
ഈ ചോരക്കളി അവസാനിപ്പിക്കാന്‍ പലരും മുറവിളി കൂട്ടുന്നുണ്ടെങ്കിലും അടുത്തകാലത്തൊന്നും നടക്കുന്ന കാര്യമല്ല. കാരണം രാഷ്ട്രീയമായും സാമ്പത്തികമായുമൊക്കെ ഏറെ ലാഭമുള്ള ഏര്‍പ്പാടാണു കൊലക്കത്തി രാഷ്ട്രീയം. രക്തസാക്ഷിത്വം സൃഷ്ടിക്കുന്ന വൈകാരികത ജ്വലിപ്പിച്ചു പ്രവര്‍ത്തകരെ സജീവമാക്കി നിര്‍ത്താം. കൊല്ലപ്പെടുന്നവരുടെ കുടുംബത്തെ സഹായിക്കാനെന്ന പേരിലുള്ള പണപ്പിരിവും നടത്താം. പിരിക്കുന്നതില്‍ ഒരു പങ്ക് പാര്‍ട്ടി ഫണ്ടിലേയ്ക്കു വരും.
കൊല നടത്തിയ പാര്‍ട്ടിക്കുമുണ്ട് ലാഭം. പ്രവര്‍ത്തകരെ കേസു നടത്തി രക്ഷിച്ചെടുക്കാനെന്ന പേരിലും നടക്കും വന്‍പിരിവ്. കാരായിമാരെയും കൊടി സുനിയെയും കിര്‍മാണി മനോജിനെയുമൊക്കെ കേസിനു സഹായിക്കാനെന്ന പേരില്‍ പിരിവുബക്കറ്റ് ഗള്‍ഫ് നാടുകളിലേയ്ക്കുപോലും എത്തിയിരുന്നു.
സ്വന്തമാളുകളെ ശത്രുക്കള്‍ യഥാസമയം കൊന്നുതരുന്നില്ലെങ്കില്‍ സഹപ്രവര്‍ത്തകര്‍തന്നെ കൊല്ലുന്നതും പുതുമയുള്ള കാര്യമല്ല. പല സംസ്ഥാനങ്ങളിലായി പൊലിസ് ഇഷ്ടംപോലെ രക്തസാക്ഷികളെ ഉണ്ടാക്കിക്കൊടുത്തിട്ടും അതുകൊണ്ടൊന്നും മതിവരാതെയാണു നക്‌സലൈറ്റുകള്‍ 1983 ല്‍ മഹാരാഷ്ട്രയില്‍ നടന്ന അവരുടെ പാര്‍ട്ടി കോണ്‍ഗ്രസിനിടയില്‍ മതിയഴകന്‍ എന്ന സഖാവിനെ മര്‍ദിച്ചു കൊന്നത്.
പ്രമുഖ സി.പി.എം നേതാവ് അഴീക്കോടന്‍ രാഘവനെ കൊലപ്പെടുത്തിയത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന ആരോപണം അക്കാലത്ത് ഉയര്‍ന്നിരുന്നു. തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ കോണ്‍ഗ്രസുകാര്‍ വെട്ടിക്കൊന്നിട്ട് അധികകാലമായിട്ടില്ല. കണ്ണൂരിലും മറ്റും നടന്ന പല രാഷ്ട്രീയകൊലക്കേസുകളിലും പൊലിസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയച്ച സംഭവങ്ങളുണ്ട്. ശരിയായ കൊലയാളികളെ കണ്ടെത്തിയാല്‍ അവരിലും കാണും സ്വന്തം പാര്‍ട്ടിക്കാര്‍.
അപ്പോള്‍ ആരു കൊല്ലുന്നുവെന്നതല്ല പ്രശ്‌നം. ആവശ്യത്തിനു രക്തസാക്ഷികളെ കിട്ടിക്കൊണ്ടിരിക്കണം. കഴിഞ്ഞ ബുധനാഴ്ച കണ്ണൂരിലെ ധര്‍മടത്ത് സന്തോഷ് കുമാറെന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട സംഭവത്തിലും ഇതുപോലുള്ള ആരോപണങ്ങളുയരുന്നുണ്ട്. മരിച്ചത് ബി.ജെ.പിക്കാരനെങ്കില്‍ കൊന്നത് സി.പി.എം തന്നെയെന്ന പതിവു ന്യായം ബി.ജെപിക്കാര്‍ പറയുന്നുണ്ടെങ്കിലും പ്രദേശത്തെ സാഹചര്യത്തെളിവുകള്‍ ചൂണ്ടിക്കാട്ടി സി.പി.എമ്മുകാര്‍ പറയുന്നത് സന്തോഷിനെ കൊന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെയാണെന്നാണ്. പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ തീരുമാനിച്ചത് സംഘടനാമികവുപയോഗിച്ചു വിജയിപ്പിച്ചു ക്രെഡിറ്റ് നേടാനാണ്. അത്തരമൊരു സാഹചര്യത്തില്‍ ജില്ലയിലൊരു കൊല നടത്തി ഹര്‍ത്താലും അക്രമവും ക്ഷണിച്ചുവരുത്തി യുവജനോത്സവം അലങ്കോലമാക്കാന്‍ തങ്ങള്‍തന്നെ ശ്രമിക്കുമോ എന്നാണ് അവരുടെ ചോദ്യം.
എന്നാല്‍, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കുമ്പോള്‍ ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നു സ്വന്തം പാര്‍ട്ടിക്കെതിരേ വന്‍ ബഹുജനപ്രതിഷേധം സൃഷ്ടിച്ചുകൊടുത്ത ബുദ്ധിനിലവാരത്തിലുള്ളവര്‍ ഇങ്ങനെയൊരു കൊല നടത്തുന്നതില്‍ അത്ഭുതമില്ല.
അതെന്തായാലും നല്ലൊരു സന്ദര്‍ഭത്തില്‍ ബി.ജെ.പിക്ക് ഒരു രക്തസാക്ഷിയെക്കൂടി കിട്ടിയിരിക്കയാണ്. അങ്ങനെ സംഭവിച്ചാല്‍ പിന്നെ അത് പരമാവധി ആളെ കാണിച്ചും അറിയിച്ചും പ്രതിഷേധവും സഹതാപവും സമാഹരിച്ചെടുക്കുക എന്നത് രാഷ്ട്രീയ നാട്ടുനടപ്പാണ്. കലോത്സവത്തിനായി സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരുമൊക്കെ ഒത്തുകൂടിയ സഹചര്യം പരമാവധി മുതലെടുക്കണമല്ലോ. അതുകൊണ്ടാണ് കലോത്സവം നടക്കുന്ന സ്ഥലത്തുകൂടി തന്നെ വിലാപയാത്ര കടന്നുപോകണമെന്ന് അവര്‍ വാശിപിടിച്ചത്.
പഴയ സിനിമയില്‍ പറഞ്ഞതുപോലെ പാര്‍ട്ടിയുടെ ഡെഡ്‌ബോഡി പാര്‍ട്ടി ഉപയോഗപ്പെടുത്തുന്നതില്‍ കുറ്റം പറയാനാവില്ലല്ലോ. നിലമ്പൂരില്‍ പൊലിസ് വെടിവച്ചുകൊന്ന മാവോയിസ്റ്റുകളുടെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നതു പേശീബലമുപയോഗിച്ചു തടഞ്ഞവര്‍ സ്വന്തം പാര്‍ട്ടിക്കാരന്റെ മൃതദേഹം പരമാവധി നാട്ടുകാരെ കാണിക്കാന്‍ വാശിപിടിച്ചതിലെ ആര്‍ഷഭാരത അവസരവാദത്തെ ചിലര്‍ ചോദ്യംചെയ്തത് വേറെ കാര്യം.
*** *** ***
ഇതിനിടയില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രജശേഖരന്‍ ഒരു നല്ലകാര്യം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചുകൊടുത്ത വൈ കാറ്റഗറി സുരക്ഷ വേണ്ടെന്നുവച്ചു. പൊതുഖജനാവില്‍ നിന്ന് വലിയ തുക ചെലവാക്കിയുള്ള ഏര്‍പ്പാടാണ് വൈ കാറ്റഗറി സുരക്ഷ. ഒരാള്‍ അതു വേണ്ടെന്നുവച്ചാല്‍ അത്ര തുകയെങ്കിലും നഷ്ടപ്പെടുത്താതിരിക്കാം. എന്നാല്‍ അതൊന്നുമല്ല കുമ്മനംജി പറയുന്ന ന്യായം. നാട്ടില്‍ സ്വന്തം പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകരുടെ ജീവനു സുരക്ഷയില്ലാത്ത അവസ്ഥയില്‍ തനിക്കെന്തിനു വൈ കാറ്റഗറി സുരക്ഷയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. വേണമെങ്കില്‍ ആര്‍ക്കെങ്കിലും ഇതിനെ ത്യാഗമനോഭാവമെന്നു വിളിക്കാം. ആ മനോഭാവത്തെ അഭിനന്ദിക്കുകയുമാവാം.
എന്നാല്‍ അഭിനന്ദിക്കാന്‍ തിടുക്കം കൂട്ടുന്നതിനു മുമ്പ് ഒരു നിമിഷം നില്‍ക്കുക. കുമ്മനംജിയുടെ ഫേസ്ബുക്ക് പേജിലേക്ക് ഒന്നു കണ്ണോടിക്കുന്നതു നന്നായിരിക്കും. ധര്‍മടത്തെ സന്തോഷ് കൊലചെയ്യപ്പെട്ടതിനു ശേഷം ആ പേജില്‍ പാര്‍ട്ടി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള പ്രവര്‍ത്തകരുടെ കമന്റിന്റെ ബഹളമാണ്.
പാവപ്പെട്ട പ്രവര്‍ത്തകര്‍ ഇങ്ങനെ കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ നേതാക്കള്‍ സുരക്ഷിതരായി സുഖിച്ചു നടക്കുകയാണെന്ന് ചിലര്‍ ആരോപിക്കുന്നു. പാര്‍ട്ടി നായകത്വം കുമ്മനംജിക്കു പറ്റിയ പണിയല്ലെന്നും അതു മറ്റാരെയെങ്കിലും ഏല്‍പിച്ചു സന്ന്യസിക്കാന്‍ പോകുന്നതാണ് നല്ലതെന്നും എഴുതിയവരും ഏറെ. മൊത്തം വായിച്ചുനോക്കിയാല്‍ കാര്യം അത്ര പന്തിയല്ലെന്ന് കുമ്മനമല്ല സുരേന്ദ്രനായാലും മനസ്സിലാകും.
അത് അവഗണിച്ച് സര്‍ക്കാര്‍ ചെലവില്‍ വൈ കാറ്റഗറി സുരക്ഷയുമായി നടന്നാല്‍ പിന്നെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് സുരക്ഷ ലഭിക്കാന്‍ വേറെ വഴി നോക്കേണ്ടിവരും. അതു മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയെയാണ് ആദ്യം അഭിനന്ദിക്കേണ്ടത്. ത്യാഗത്തിനുള്ള അഭിന്ദനം പിന്നീടാവാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."