കേരള നിയമസഭ വജ്രജൂബിലി ആഘോഷം: ജില്ലാതല പരിപാടികള്‍ക്കു നാളെ തുടക്കം
നീലേശ്വരം: കേരള നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ജില്ലാതല പരിപാടികള്‍ നാളെ നീലേശ്വരത്തു തുടങ്ങും. നിയമസഭാ സെക്രട്ടറിയേറ്റ്, ജില്ലാ ഭരണകൂടം, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണു പരിപാടികളെന്നു സംഘാടക സമിതി ഭാരവാഹികളായ എം. രാജഗോപാലന്‍ എം.എല്‍.എ, എ.ഡി.എം, എന്‍. ദേവീദാസ്, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ.കെ.പി ജയരാജന്‍, എം. രാധാകൃഷ്ണന്‍ നായര്‍, പി. വിജയകുമാര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കെ. ബാലകൃഷ്ണന്‍, പി.പി മുഹമ്മദ് റാഫി, കെ.പി കരുണാകരന്‍ എന്നിവര്‍ അറിയിച്ചു.
ജില്ലാതല പരിപാടികളും ഇ.എം.എസ് സ്മൃതി സംഗമവും നാളെ രാവിലെ 11നു രാജാസ് സ്‌കൂളില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. പി. കരുണാകരന്‍ എം.പി മുഖ്യാതിഥിയാകും. ജില്ലയിലെ മണ്‍മറഞ്ഞ നിമയസഭാംഗങ്ങള്‍ക്ക് ശ്രദ്ധാഞ്ജലിയും മുന്‍ അംഗങ്ങള്‍, സ്വാതന്ത്ര്യസമര സേനാനികള്‍, ആദ്യനിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി എന്നിവര്‍ക്ക് ആദരവും ഒരുക്കും.
5.30നു നാടന്‍കലാ അക്കാദമിയുടെ കലാസന്ധ്യ. അഞ്ചിനു രാവിലെ 10.30നു കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ 'അധികാര വികേന്ദ്രീകരണത്തിന്റെ കേരള പാഠങ്ങള്‍' സെമിനാര്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യും.
തദ്ദേശസ്വയംഭരണ വകുപ്പ് മുന്‍ മന്ത്രി കെ.കുട്ടി അഹമ്മദ് കുട്ടി വിഷയം അവതരിപ്പിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാകും.
ഉച്ചയ്ക്ക് 1. 30 നു കാഞ്ഞങ്ങാട് ദുര്‍ഗാ എച്ച.്എസ്.എസില്‍ പാര്‍ലമെന്ററി പഠന, പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂള്‍ കോളജ്, വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മാതൃകാ നിയമസഭ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അധ്യക്ഷനാകും. വൈകിട്ടു നാലിനു സുഭാഷ് അറുകര പഴമയുടെ പാട്ടുകള്‍ അവതരിപ്പിക്കും. വിളംബര ജാഥ ഇന്നു വൈകിട്ടു നാലിനു നീലേശ്വരം കോണ്‍വന്റ് ജംക്ഷനില്‍ തുടങ്ങി മാര്‍ക്കറ്റ് ജങ്ഷനില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."