ഹരിത സാന്ത്വനം പദ്ധതിക്ക് തുടക്കമായി
ചെന്ത്രാപ്പിന്നി: എടമുട്ടം ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹരിത സാന്ത്വനം പദ്ധതിക്ക് തുടക്കമായി. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരും ചലനശേഷി പരിമിതപ്പെട്ടവരും ഏകാന്തത അനുഭവിക്കുന്നവരും അനാഥരായവരും ആയ മനുഷ്യര്‍ക്ക് താമസപരിചരണ സൗകര്യത്തോടൊപ്പം പഠിക്കാനും തൊഴില്‍ അഭ്യസിക്കാനും സൗകര്യം ഒരുക്കുന്ന പദ്ധതിയാണ് ഹരിത സാന്ത്വനം. രാസവളമോ രാസ കീടനാശിനിയോ ഉപയോഗിക്കാതെ പ്രകൃതി ദത്തമായരീതിയിലാണ് പച്ചക്കറി കൃഷി തുടങ്ങിയിരിക്കുന്നത്. കൈപ്പക്ക, പടവലം, തക്കാളി, വഴുതിന, വെണ്ട, കപ്പ, പയര്‍, മത്തന്‍, തണ്ണിമത്തന്‍, വെള്ളരി, പൊട്ടുവെള്ളരി, കുമ്പളം, ചുരക്ക, പച്ചമുളക് എന്നിവയാണ് പദ്ധതിയുടെ തുടക്കത്തില്‍ കൃഷി ഇറക്കിയത്. എടത്തിരുത്തി പഞ്ചായത്തില്‍ ഉള്‍പ്പെട്ട ചെന്ത്രാപ്പിന്നി ഈസ്റ്റിലാണ് പദ്ധതി പ്രദേശം. അനുമതികള്‍ കാലതാമസമില്ലാതെ ലഭിച്ചാല്‍ രണ്ടു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയും. പദ്ധതിയുടെ ഭാഗമായി ആരംഭിച്ച നെല്‍ കൃഷി ഇ.ടി.ടൈസന്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു.
ആല്‍ഫ ചെയര്‍മാന്‍ കെ.എം.നൂറുദ്ദീന്‍ അധ്യക്ഷനായി. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, കൃഷി ഓഫിസര്‍ എം.എച്ച്.മുഹമ്മദ് ഇസ്മയില്‍, പഞ്ചായത്തംഗങ്ങളായ പി.എ.അബ്ദുല്‍ ജലീല്‍, ശ്രീദേവി ദിനേശ്, ഷെറീന ഹംസ, നമ്മുടെ ആരോഗ്യം കണ്‍വീനര്‍ ബള്‍ക്കീസ് ബാനു, സുരേഷ് ശ്രീധരന്‍, താഹിറ ലത്തീഫ് എന്നിവര്‍ സംസാരിച്ചു. ചെന്ത്രാപ്പിന്നി ഈസ്റ്റില്‍ 4 ഏക്കര്‍ സ്ഥലത്താണ് നെല്‍ കൃഷി ആരംഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."