ഇസ്‌റാഈലുമായി 50 കോടിയുടെ ആയുധ കരാര്‍ ഇന്ത്യ റദ്ദാക്കി
ന്യൂഡല്‍ഹി: ഇസ്‌റാഈലുമായി നടത്തിയ 50 കോടി ഡോളറിന്റെ ആയുധ കരാര്‍ ഇന്ത്യ റദ്ദാക്കി. ഇസ്‌റാഈല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസുമായുള്ള കരാറാണ് റദ്ദാക്കിയത്. ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള 1600 സ്‌പൈക്ക് ആന്റി ഗൈഡഡ് മിസൈലുകള്‍ വാങ്ങുന്നതിനുള്ള കരാറായിരുന്നു ഇത്.
കരാര്‍ റദ്ദാക്കിയതിനു കാരണം പ്രതിരോധ വകുപ്പിന് കീഴിലുള്ള ഡി.ആര്‍.ഡി.ഒയില്‍ മിസൈല്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായെന്നാണ് പറയപ്പെടുന്നത്. അതേസമയം കരാര്‍ റദ്ദാക്കിയതിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച റാഫേല്‍ കമ്പനിയുമായി മറ്റൊരു കരാറില്‍ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. 70 കോടി ഡോളറിന്റെ കരാറിലാണ് ഒപ്പുവച്ചതെന്നാണ് വിവരം. 131 ഭൂഖണ്ഡാന്തര മിസൈല്‍ കരാറിലാണ് ഇന്ത്യ, റാഫേല്‍ കമ്പനിയുമായി ഒപ്പുവച്ചത്.
നേരത്തെതന്നെ കരാറില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങിയിരുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇക്കാര്യത്തില്‍ രാജ്യം ഔദ്യോഗികമായി ഇസ്‌റാഈല്‍ കമ്പനിയെ വിവരം അറിയിച്ചത്. ഇന്ത്യയുടെ നിലപാടില്‍ ദുഃഖമുണ്ടെന്ന് റാഫേല്‍ കമ്പനി അറിയിച്ചു. എന്നിരുന്നാലും ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവുമായുള്ള ബന്ധം അവസാനിപ്പിക്കില്ലെന്നാണ് റാഫേല്‍ കമ്പനി വ്യക്തമാക്കിയത്.
ഇന്ത്യയുമായി സുതാര്യമായ രീതിയിലാണ് മിസൈല്‍ കരാറില്‍ ഒപ്പുവച്ചിരുന്നത്. ഇതിനായി കമ്പനി കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയിലെ തദ്ദേശീയ പ്രതിരോധ നിര്‍മാണ കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിരുന്നു. ഹൈദരാബാദിലെ കല്യാണി ഗ്രൂപ്പുമായിട്ടായിരുന്നു റാഫേല്‍ കമ്പനി മിസൈല്‍ നിര്‍മാണത്തിനുള്ള പ്രവര്‍ത്തനം തുടങ്ങിയിരുന്നത്. എന്നാല്‍ കരാര്‍ റദ്ദാക്കിയെങ്കിലും ഹൈദരാബാദിലെ കമ്പനി പൂട്ടില്ലെന്ന് റാഫേല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റെയ്തിയോണ്‍-ലൊഖീഡ് മാര്‍ട്ടിന്‍ എന്ന കമ്പനിയില്‍ നിന്ന് ജാവ്്‌ലിന്‍ വിഭാഗത്തിലുള്ള മിസൈല്‍ വാങ്ങിക്കാനുള്ള കരാര്‍ മറികടന്നാണ് റാഫേലുമായി ഇടപാടിന് ഇന്ത്യ തുടക്കം കുറിച്ചിരുന്നത്.
നേരത്തെ ഇന്ത്യയ്ക്ക് മിസൈല്‍ അടക്കമുള്ള നിരവധി ആയുധങ്ങള്‍ ഇസ്‌റാഈല്‍ നല്‍കിയിരുന്നു. സ്‌പൈക്ക് വിഭാഗത്തില്‍പ്പെട്ട നാല് തരത്തിലുള്ള മിസൈലുകള്‍ റാഫേല്‍ കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഫിലിപ്പൈന്‍സ്, ലിത്വാനിയ, ഓസ്‌ട്രേലിയ, ഇന്ത്യ അടക്കമുള്ള 26 രാജ്യങ്ങള്‍ക്കായി 27,000 സ്‌പൈക്ക് മിസൈലുകളാണ് റാഫേല്‍ കമ്പനി കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."