ജിദ്ദയില്‍ ബെല്‍റ്റ് ബോംബുകള്‍ പൊട്ടിച്ച് ജീവനൊടുക്കിയ ഭീകരരെ തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രാലയം
ജിദ്ദ: ജിദ്ദയിലെ അല്‍ഹറാസാത്ത് ഡിസ്ട്രിക്ടില്‍ സുരക്ഷാ സൈനികര്‍ നടത്തിയ റെയ്ഡിനിടെ ബെല്‍റ്റ് ബോംബുകള്‍ പൊട്ടിച്ച് ജീവനൊടുക്കിയ രണ്ടു ഭീകരരെയും തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി അറിയിച്ചു.
സഊദി പൗരന്മാരായ ഖാലിദ് ഗാസി ഹുസൈന് അല്സര്വാനി, നാദി മര്‍സൂഖ് ഖലഫ് അനസി എന്നിവരാണ് ബെല്‍റ്റ് ബോംബുകള്‍ പൊട്ടിച്ച് മരിച്ചത്. ഇവരൊഴികെ മറ്റാരും സംഭവ സമയത്ത് ഇസ്തിറാഹയിലുണ്ടായിരുന്നില്ലെന്നും വേറെയാരും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി.
സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചു വന്ന കൊടുംഭീകരനാണ് ഖാലിദ് അല്സര്വാനി. ഇന്റര്‍നെറ്റിലൂടെ ഭീകരവാദം പ്രചരിപ്പിക്കുകയും വിദേശങ്ങളില്‍ പോരാട്ടങ്ങളില്‍ പങ്കെടുക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്ത ഭീകരന് അസീര്‍ സ്പെഷ്യല്‍ എമര്‍ജന്‍സി ഫോഴ്സ് ആസ്ഥാനത്തെ മസ്ജിദില്‍ 2015 ഓഗസ്റ്റ് ആറിന് ഭീകരാക്രമണം നടത്തിയവര്‍ക്കും 2015 ഒക്ടോബര്‍ 26 ന് നജ്റാന് അല്‍മശ്ഹദ് മസ്ജിദില്‍ ചാവേറാക്രമണം നടത്തിയ ഭീകരനും ഐ.എസിന്റെ നിര്‍ദേശാനുസരണം സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്നു.
ബ്രിഗേഡിയര്‍ കതാബ് മാജിദ് അല്ഹമാദിയെ വധിച്ചതില്‍ പങ്കുള്ളതിന് 2016 മെയ് 16 ന് ബീശയില്‍ വെച്ച് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത ഭീകരന് അഖാബ് മുഅജബ് അല്‍ഉതൈബി നടത്തിയത് അടക്കമുള്ള ഭീകര പ്രവര്‍ത്തനങ്ങളുമായി ഖാലിദ് അല്സര്വാനിക്ക് പങ്കുണ്ട്. 2016 മെയ് അഞ്ചിന് മക്കയിലെ വാദി നുഅ്മാനില് സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലു ഭീകരര്‍ക്ക് അഭയം നല്കിയതും ഖാലിദ് അല്സര്വാനി ആയിരുന്നു. ജിദ്ദ അല്‍ഹറാസാത്ത് ഡിസ്ട്രിക്ടിലെ ഇസ്തിറാഹയില് ബെല്‍റ്റ് ബോംബുകളും സ്ഫോടക വസ്തുക്കളും നിര്‍മിച്ചതിലും ഈ ഭീകരന് പങ്ക് വഹിച്ചിട്ടുണ്ടെന്നും മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സഊദിയില്‍ കഴിഞ്ഞ ഒരാഴ്ചകിടയി ഒരു യുവതിയടക്കം 69 പാക്കിസ്ഥാനികളെ സഊദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്ന് അറസ്റ്റ് ചെയ്തു.
ഫാത്തിമ റമദാന് ബലൂച്ചി മുറാദാണ് തന്റെ സൗദി ഭര്‍ത്താവിനൊപ്പം അറസ്റ്റിലായിരിക്കുന്നത്. അല്‍ നസീം ജില്ലയിലെ അപാര്‍ട്ട്മെന്റില്‍ നിന്നുമാണ് ഇരുവരേയും പൊലീസ് പിടികൂടിയത്.
ജിദ്ദയിലെ സുലൈമാന്‍ ഫക്കീഹ് ആശുപത്രിക്ക് സമീപം ഇക്കഴിഞ്ഞ ജൂലൈയില്‍ ഒരു പാകിസ്താനി ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചിരുന്നു. അബ്ദുല്ല ഖല്‍സര്‍ ഖാന് എന്നയാളാണ് മരിച്ചതെന്ന് പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു.ഈ സംഭവവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ 49 പാകിസ്താനികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
5,085 വിദേശികള്‍ തീവ്രവാദ കേസുകളില്‍ അകപ്പെട്ട് അഞ്ചോളം ജയിലുകളിലായി കഴിയുന്നുണ്ട്. നാല്പത് രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."