വടക്കേക്കളം ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫിസ് പ്രവര്‍ത്തനം നിലച്ചു
പാനൂര്‍: വടക്കേക്കളം മിച്ചഭൂമി പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാനായി സ്ഥാപിച്ച ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫിസ് പ്രവര്‍ത്തനം നിലച്ചു. പ്രതീക്ഷകളില്‍ കരിനിഴല്‍ വീണ കര്‍ഷകര്‍ ദുരിതത്തിലായി. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി വടക്കേക്കളം സംരക്ഷണ സമിതിക്കു രൂപംനല്കി പതിറ്റാണ്ടുകള്‍ നീണ്ട പ്രക്ഷോഭത്തിനൊടുവിലാണു കഴിഞ്ഞ സര്‍ക്കാര്‍ കര്‍ഷകര്‍ക്കു പട്ടയം നല്കാന് തീരുമാനമെടുത്തത്. മന്ത്രിയായിരുന്ന കെ.പി മോഹനന്റെ ശ്രമഫലമായാണു ചെറുപറമ്പില്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചത്.
മിച്ചഭൂമി കൈവശമുള്ളവരുടെ അപേക്ഷകളിന്മേല് മതിയായ അന്വേഷണം നടത്തുന്നതിനു തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, നാലു റവന്യൂ ഇന്‍സ്പെക്ടര്‍മാര്‍, 16 സര്‍വയര്‍മാര്‍, ആറു ക്ലാര്‍ക്ക്, നാലു ഡ്രാഫ്റ്റ്മാന്മാര് എന്നിവരെ നിയമിച്ച് ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയത്. കഴിഞ്ഞ സര്‍ക്കാരിന്റ കാലത്ത് പട്ടയമേളയില്‍ നൂറു കര്‍ഷകര്‍ക്കു പട്ടയംനല്‍കി. പിന്നീട് ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫിസ് പ്രവര്‍ത്തനമാരംഭിച്ച ശേഷം നൂറുകര്ഷകര്ക്കു കൂടി പട്ടയം അനുവദിച്ചു. എണ്ണൂറോളം കര്‍ഷകര്‍ക്കു കൂടി ഇനി പട്ടയം നല്‍കാനിരിക്കെയാണ് ഓഫിസിന്റെ പ്രവര്‍ത്തനം നിലച്ചത്.
അഞ്ചുമാസമായി യാതൊരു പ്രവര്‍ത്തനവും നടക്കാത്ത ഇവിടെ ഇപ്പോള്‍ ഒരു ജീവനക്കാരന് മാത്രമേയുള്ളൂ. അപേക്ഷ നല്കിയ കര്‍ഷകര്‍ക്കു തൃപ്തികരമായ മറുപടി പോലും ലഭിക്കാതായതോടെ ക്ഷുഭിതരായ കര്‍ഷകര്‍ ട്രൈബ്യൂണല്‍ ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. അര്‍ഹതപ്പെട്ട കര്‍ഷകര്‍ക്കു പട്ടയം ഉടന്‍ ലഭ്യമാക്കുക, ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫിസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, പോത്തന് ജോസഫിന്റേതല്ലാത്ത ഭൂമിക്കു നികുതി അടക്കാന്‍ ഉത്തരവിറക്കുക എന്നിവയാണു കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."