ജീവിത ദുരിതമനുഭവിക്കുന്നവര്‍ക്ക് നിയമ പാലകരുടെ കാരുണ്യ സ്പര്‍ശം
പടിഞ്ഞാറങ്ങാടി: കഷ്ടത അനുഭവിക്കുന്നവര്‍ക്ക് തൃത്താല, ചാലിശ്ശേരി പൊലിസിന്റെയും, പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടേയും നേതൃത്വത്തില്‍ സ്‌കൂള്‍ സാമഗ്രികള്‍ വിതരണം ചെയ്തു. പത്ത് വയസ്സുകാരന്‍ അനില്‍ കൃഷ്ണ അടുത്ത വീട്ടിലേക്കു ഭയന്നോടി. അവനറിയില്ലല്ലോ സ്‌കൂള്‍ യൂണിഫോമും, കുടയും, പുസ്തകവും ബാഗുമായാണ് നിയമ പാലകരുടെ വരവെന്ന്. കാര്യം പറഞ്ഞു അനുനയിപ്പിച്ചപ്പോള്‍ അവന്‍ ശങ്കയോടെ പുറത്തേക്കു വന്നു. പിന്നെ പഠിക്കുന്ന സ്‌കൂളും ക്ലാസുമൊക്കെ മണി മണിയായി പറഞ്ഞു കൊടുത്തു.
കൈയ്യില്‍ കിട്ടിയ കുടയും പുസ്തകവും പേനയും പണവും നെഞ്ചോടു ചേര്‍ത്ത് അവന്‍ ക്ഷണ മാത്രയില്‍ അകത്തേക്ക് തുള്ളിച്ചാടി ഓടി. ഇക്കുറി സ്‌കൂള്‍ തുറന്നാല്‍ തെല്ല് അഹങ്കാരത്തോടെയും അഭിമാനത്തോടെയും അവന്‍ സുഹൃത്തുക്കളോട് പറയും. എനിക്ക് പുസ്തകവും, കുടയും, യൂണിഫോമും തന്നത് വലിയ വലിയ പൊലിസുകാരാണെന്ന്. കൂറ്റനാട്ടെ പ്രതീക്ഷ പാലിയേറ്റീവ് കെയര്‍ ക്ലിനിക് പ്രവര്‍ത്തകര്‍ തൃത്താലയിലേയും, ചാലിശ്ശേരിയിലേയും പൊലിസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ഒരപേക്ഷ അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നു. പാലിയേറ്റീവ് ക്‌ളിനിക്കിലും പാരാ പ്ലീജിയ ക്‌ളിനിക്കിലും രജിസ്റ്റര്‍ ചെയയ്ത കുറേ രോഗികളുണ്ട്. അപകടങ്ങളില്‍ നട്ടെല്ലിനു ക്ഷതം പറ്റിയും മാറാ രോഗങ്ങളാല്‍ അറ്റമില്ലാതെ ചികിത്സിച്ചും പൊറുതിമുട്ടി സമ്പത്തും ആരോഗ്യവും ക്ഷയിച്ചു ജീവിതം ചോദ്യചിഹ്നമായവര്‍.
വീട്, കുടുംബം, ചികിത്സ, കുട്ടികളുടെ വിദ്യഭ്യാസം എന്നിങ്ങനെ സംഘര്‍ഷ ഭരിതമാണ് അവരുടെ മനസ്സ്. അവിടുത്തെ കുട്ടികള്‍ക്ക് പഠന സഹായ മെത്തിക്കാന്‍ എന്തെങ്കിലും ചെയ്യാനാകുമോ എന്നായിരുന്നു അപേക്ഷ. ജി.ഡി.ആറില്‍ രേഖപ്പെടുത്താതെയും എഫ്.ഐ.ആര്‍ തയ്യാറാക്കാതെയും പതിവ് നടപടിക്രമങ്ങളെല്ലാം തെറ്റിച്ച് അവരാ അപേക്ഷ രജിസ്റ്റെര്‍ ചെയ്തു. പൊളൈറ്റ്‌നസ്സും ലോയാലിറ്റിയും ചേര്‍ന്ന പൊലിസ് ഹൃദയത്തില്‍ പിന്നെ നടപടിക്ക് ഒട്ടും താമസമുണ്ടായില്ല. ചാലിശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാറിന്റെയും, തൃത്താല സബ് ഇന്‍സ്‌പെക്ടര്‍ രഞ്ജിതിന്റെയും നേതൃത്വത്തില്‍ സഹ പ്രവര്‍ത്തകര്‍ ഒന്നിച്ചു. പതിനഞ്ചു വീടുകളിലെ കുട്ടികള്‍ക്ക് പഠന സഹായമെത്തിക്കാനുള്ള പണം അവര്‍ സ്വരൂപിച്ചു.
ഒരു വിദ്യാര്‍ത്ഥിക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപയോളം പുസ്തകമായും കുടയായും പണമായും അവര്‍ നല്‍കി. കാര്‍ക്കശ്യത്തിന്റെ ഔദ്യോഗിക പരിവേഷത്തിനിടയിലും കൈമോശം വരാതെ സൂക്ഷിച്ച സഹജീവി സ്‌നേഹവും നന്മയും യഥാസമയം പകര്‍ന്ന് സമാധാന പാലകന്‍ എന്ന വാക്ക് അര്‍ത്ഥ പൂര്‍ണ്ണ മാക്കുകയാണ് ഇവിടെ ഒരുപറ്റം നിയമ പാലകര്‍. പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എസ് സുരേഷ് സഹായവിതരണം ഉദ്ഘാടനം ചെയ്തു. ചാലിശ്ശേരി എസ്.ഐ രാജേഷ് കുമാര്‍, തൃത്താല എസ്.ഐ രഞ്ജിത്ത്, സഹപ്രവര്‍ത്തകരായ കൃഷ്ണന്‍, സനല്‍, റിലേഷ്ബാബു, സുനന്ദന്‍, പ്രവീണ്‍, റുടാന്‍, വിനേഷ്, ശ്രീനിവാസ് എന്നിവര്‍ക്കൊപ്പം പ്രതീക്ഷ ക്ലിനിക് ഭാരവാഹികളായ എം പ്രദീപ്, പി.വി സുധീര്‍, സുബൈര്‍, കെ.വി കെ അയ്യപ്പന്‍, മണികണ്‍ഠന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."