ഏഴു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ തടയാനും ട്രംപിന് പദ്ധതി
വാഷിങ്ടണ്‍: മെക്‌സികോ അതിര്‍ത്തിയില്‍ മതില്‍ പണിയാനും ഏഴു മുസ്്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിക്കാനും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചു. പ്രസിഡന്റിനോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അഭയാര്‍ഥി പ്രവേശനത്തിനുള്ള താല്‍ക്കാലിക വിലക്ക് സംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഇന്ന് ഒപ്പുവയ്ക്കുമെന്നാണ് സൂചന.
ഇതോടൊപ്പം സിറിയ അടക്കം 7 പശ്ചിമേഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ നിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കി 'നമ്മള്‍ മതില്‍ പണിയുമെന്ന്' പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്യുകയും ചെയ്തു.
സിറിയ, ഇറാന്‍, ഇറാഖ്, ലിബിയ, യമന്‍, സുദാന്‍, സൊമാലിയ എന്നീ രാജ്യങ്ങളിലെ അഭയാര്‍ഥികളെയാണ് ട്രംപ് വിലക്കുക. നിലവില്‍ ലോകത്ത് ഏറ്റവും വലിയ അഭയാര്‍ഥി പലായനം നടക്കുന്നതാണ് ഈ രാജ്യങ്ങള്‍. ആഭ്യന്തര യുദ്ധവും ഭീകരാക്രമണങ്ങളും കെടുതിയിലാക്കിയ ഈ രാജ്യക്കാര്‍ക്ക് വിസ നല്‍കേണ്ടെന്നാണ് തീരുമാനം.
ദേശീയ സുരക്ഷക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ് നാളെയെന്നും മറ്റ് പല കാര്യങ്ങള്‍ക്കും ഒപ്പം നമ്മള്‍ മതില്‍ പണിയുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അഭയാര്‍ഥികള്‍ക്ക് മാസങ്ങള്‍ നീണ്ട വിലക്കേര്‍പ്പെടുത്താനാണ് തീരുമാനമെടുത്തിട്ടുള്ളത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ അഭയം തേടിയെത്തുന്ന ന്യൂനപക്ഷ മതവിഭാഗത്തെ വിലക്കില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
നിലവില്‍ നാല് മാസത്തേക്കെങ്കിലും വിലക്കേര്‍പ്പെടുത്താനാണ് തീരുമാനം. മുസ്്‌ലിം വിരുദ്ധതയും കുടിയേറ്റ വിരുദ്ധ വികാരവും മുതലെടുത്താണ് ട്രംപ് അമേരിക്കയില്‍ അധികാരത്തിലെത്തിയത്. അധികാരത്തിലെത്തിയ ഉടനെ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഓരോ വാഗ്ദാനവും നടപ്പാക്കുന്ന രീതിയാണ് ട്രംപ് പിന്തുടരുന്നത്.
മെക്‌സിക്കോയില്‍ നിന്നുള്ള കള്ളക്കടത്ത് തടയാനാണ് അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. ഇതിനുള്ള ചെലവ് മെക്‌സിക്കോയില്‍ നിന്ന് ഈടാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."