മുസ്ലിം ലീഗ് ഉളിയില്‍ കമ്മിറ്റിക്ക് അംഗീകാരം യൂത്ത് ലീഗ് മുനിസിപ്പല്‍ ഭാരവാഹികള്‍ രാജിവച്ചു
ഇരിട്ടി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി നടപടിക്ക് വിധേയരായവരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഉളിയില്‍ ശാഖാ മുസ്ലിംലീഗ് കമ്മിറ്റിക്ക് ജില്ലാ കമ്മറ്റി അംഗീകാരം കൊടുത്തതില്‍ പ്രതിഷേധിച്ച് ഇരിട്ടി മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ഭാരവാഹികള്‍ രാജിവെച്ചു.
വരുംദിവസങ്ങളില്‍ ഇരിട്ടി മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ ശാഖാ കമ്മിറ്റികളും രാജിവെക്കുമെന്ന് യൂത്ത്ലീഗ് മണ്ഡലം നേതാക്കള്‍ പറഞ്ഞു. ഇരിട്ടി മുനിസിപ്പല്‍ ചെയര്മാന് തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിവിപ്പ് ലംഘിച്ച് മുസ്ലിം ലീഗിലെ രണ്ട് വനിതാ അംഗങ്ങള്‍ ഉള്‍പെടെ മൂന്ന് അംഗങ്ങള്‍ വിട്ടുനിന്നതിനെതുടര്‍ന്ന് പ്രഥമ മുനിസിപ്പാലിറ്റി ഭരണം യു.ഡിഎഫിനു നഷ്ടപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് അന്നത്തെ ശാഖാ കമ്മിറ്റി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയും ചെയര്മാന് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്ന കൗണ്‍സിലര്‍ എം.പി അബ്ദുറഹ്മാനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും ചെയ്തു.
അന്നത്തെ ശാഖാ സെക്രട്ടറി മാമുഞ്ഞിയെ വീണ്ടും ജനറല്‍ സെക്രട്ടറി ആക്കിയതിനെ തുടര്‍ന്ന് മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ ലീഗ് കമ്മറ്റികളും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മണ്ഡലം കമ്മിറ്റി പുതുതായി വന്ന ഉളിയില്‍ ശാഖാ കമ്മിറ്റിയെ അംഗീകരിച്ചിരുന്നില്ല.
തുടര്‍ന്ന് ഉളിയില്‍ കമ്മറ്റി ജില്ലാ റിട്ടേണിങ് ഓഫിസര്‍ക്ക് പരാതി നല്‍കുകയും പരാതി പരിശോധിച്ച ജില്ലാ കമ്മറ്റി ഉളിയില്‍ ശാഖാ കമ്മിറ്റിയെ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."