ഏകദിന പരമ്പര ഓസീസിന്
അഡ്‌ലെയ്ഡ്: പാകിസ്താനെതിരായ ഏകദിന പരമ്പര ആസ്‌ത്രേലിയ 4-1നു സ്വന്തമാക്കി. അവസാന ഏകദിനത്തില്‍ 57 റണ്‍സിന്റെ വിജയം പിടിച്ചാണ് ഓസീസ് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര നേടിയത്. ആദ്യം ബാറ്റു ചെയ്ത ആസ്‌ത്രേലിയ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 369 റണ്‍സെടുത്തപ്പോള്‍ പാകിസ്താന്റെ പോരാട്ടം 312 റണ്‍സില്‍ അവസാനിച്ചു.
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപണിങ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഡേവിഡ് വാര്‍ണര്‍ (128 പന്തില്‍ 179), ട്രാവിസ് ഹെഡ്ഡ് (128) എന്നിവരുടെ സെഞ്ച്വറികളുടെ കരുത്തിലാണ് ഓസീസ് മികച്ച സ്‌കോറിലെത്തിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 284 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ കൂട്ടുകെട്ടു പൊളിക്കാന്‍ 41.3 ഓവറുകള്‍ വരെ പാക് നിരയ്ക്ക് കാക്കേണ്ടി വന്നു. 2006ല്‍ ഇംഗ്ലണ്ടിനെതിരേ ശ്രീലങ്കയുടെ ജയസൂര്യയും തരംഗയും ചേര്‍ന്നെടുത്ത 286 റണ്‍സിന്റെ റെക്കോര്‍ഡ് വെറും രണ്ടു റണ്‍സിലാണ് ഓസീസ് താരങ്ങള്‍ക്ക് നഷ്ടമായത്. ഓസീസിന്റെ ഏറ്റവും മികച്ച ഓപണിങ് കൂട്ടുകെട്ട്, പാകിസ്താനെതിരേ മികച്ച കൂട്ടുകെട്ട്, ഏതൊരു വിക്കറ്റിലേയും ഏറ്റവും മികച്ച അഞ്ചാമത്തെ കൂട്ടുകെട്ട് തുടങ്ങിയ റെക്കോര്‍ഡുകള്‍ ഇരുവരും ചേര്‍ന്നു സ്വന്തമാക്കി. ഏതൊരു വിക്കറ്റിലേയും ഓസീസിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇനി ഈ ഇന്നിങ്‌സ് തന്നെ. നേരത്തെ വാര്‍ണറും സ്മിത്തും ചേര്‍ന്നെടുത്ത രണ്ടാം വിക്കറ്റില്‍ ചേര്‍ത്ത 263 റണ്‍സായിരുന്നു മികച്ചത്.
വാര്‍ണര്‍ 19 ഫോറും അഞ്ചു സിക്‌സും പറത്തിയപ്പോള്‍ ഹെഡ്ഡ് ഒന്‍പത് ഫോറും മൂന്നു സിക്‌സും നേടി. പിന്നീടെത്തിയ ബാറ്റ്‌സ്മാന്‍മാരെല്ലാം ക്ഷണത്തില്‍ പുറത്തായത് ഓസീസ് ഇന്നിങ്‌സിന്റെ വേഗം കുറച്ചു.
വിജയം തേടിയിറങ്ങിയ പാകിസ്താനു വേണ്ടി ബാബര്‍ അസം (100) സെഞ്ച്വറിയും ഷര്‍ജീല്‍ ഖാന്‍ (79) അര്‍ധ സെഞ്ച്വറിയും നേടി. മധ്യനിരയില്‍ 46 റണ്‍സുമായി ഉമര്‍ അക്മലും പിടിച്ചു നിന്നു. മറ്റൊരു ബാറ്റ്‌സ്മാന്‍മാര്‍ക്കും അധിക നേരം നില്‍ക്കാന്‍ സാധിക്കാതെ വന്നതോടെ പാക് പോരാട്ടം 49.1 ഓവറില്‍ 312 റണ്‍സില്‍ അവസാനിച്ചു. നാലു വിക്കറ്റുകള്‍ നേടി മിച്ചല്‍ സ്റ്റാര്‍ക്ക് ബൗളിങില്‍ തിളങ്ങി. കളിയിലേയും പരമ്പരയിലേയും താരമായി വാര്‍ണറെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."