ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ വിദ്യാര്‍ഥികളും; പ്ലാസ്റ്റിക് ആഭരണം ഒഴിവാക്കി അരയി സ്കൂളിലെ കുട്ടികള്‍
കാഞ്ഞങ്ങാട്: തലമുടി ഒതുക്കാന്‍ വച്ച ഹെയര്‍ ബോയും ക്ലിപ്പും ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് ആഭരണങ്ങള്‍ ഒഴിവാക്കി അരയി സ്കൂളിലെ കുട്ടികള്‍ ഗ്രീന്പ്രോട്ടോകോളിനൊപ്പം ചേര്‍ന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു മുന്നോടിയായി സ്കൂള്‍ അസംബ്ലിയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഗ്രീന്‍ പ്രോട്ടോക്കോള്‍ സന്ദേശം കേട്ട കുട്ടികളാണ് ഒന്നടങ്കം പ്ലാസ്റ്റിക് വിമുക്ത സൗന്ദര്യം മതിയെന്ന ഉറച്ച തീരുമാനത്തിലെത്തിയത്.
നൂറ്റമ്പതോളം വരുന്ന പെണ്‍കുട്ടികള്‍ തങ്ങളണിഞ്ഞ പ്ലാസ്റ്റിക് ഉല്പന്നങ്ങള് ഓരോന്നായി ഊരി പ്രധാനധ്യാപകനെ ഏല്പിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു രണ്ടു വര്‍ഷം മുമ്പെ 'എന്റെ പാത്രം നിനക്കു കണ്ണാടി 'പദ്ധതിയിലൂടെ ആഹാരത്തിലും ജലോപയോഗത്തിലും മിതവ്യയം ശീലിച്ച കുട്ടികളാണ് ശരീര സൗന്ദര്യത്തിന് പ്രകൃതിദത്ത വസ്തുക്കള്‍ മാത്രം മതിയെന്ന പ്രതിജ്ഞ എടുത്തത്.
കഴിഞ്ഞ ദിവസം രാവിലെ 11 നു നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്ത രക്ഷിതാക്കളും നാട്ടുകാരും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ ആവേശത്തോടെ മുന്നോട്ടു വന്നു. ഭക്ഷണ വിതരണത്തിനും കുടിവെള്ള വിതരണത്തിനും ആവശ്യമായ ഏഴ് സ്റ്റീല്‍ ജാറുകള്‍, 250 സ്റ്റീല്‍ തളികകള്‍, ഗ്ലാസുകള്‍ എന്നിവ രണ്ടു ദിവസത്തിനകം സ്കൂളിലെത്തിക്കാനാവശ്യമായ പതിനായിരത്തിലധികം രൂപ പ്രധാനാധ്യാപകനെ ഏല്പിച്ചാണ് അവര്‍ മടങ്ങിയത്.
കുടുംബശ്രീകളുടെ സഹകരണത്തോടെ അരയിയെ സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാക്കാനുള്ള ആലോചനകളും നടന്നു.
നഗരസഭാ കൗണ്‍സലര്‍ സി.കെ വത്സലന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി രാജന് അധ്യക്ഷനായി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."