എം.എല്‍.എ ഫണ്ട്: നടപടിക്രമം വേഗത്തിലാക്കണമെന്ന് ജില്ലാ വികസന സമിതി
മലപ്പുറം: എം.എല്‍.എമാരുടെ വികസന ഫണ്ടില്‍നിന്ന് അനുവദിക്കുന്ന തുക വിനിയോഗിക്കുന്നതു സംബന്ധിച്ച നടപടിക്രമം വേഗത്തിലാക്കണമെന്നു ജില്ലാ വികസന സമിതി യോഗം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജാഗത്ര പുലര്‍ത്തുണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
വരള്‍ച്ചാ പ്രതിരോധത്തിനു മണ്ഡലാടിസ്ഥാനത്തില്‍ പദ്ധതി തയാറാക്കണമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കുടിവെള്ളം എത്തിക്കുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി എ.ഡി.എം അറിയിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത മങ്ങാട്ടുമുറി എല്‍.പി സ്‌കൂളിന് കെട്ടിടം പണിയുന്നതിനു സ്ഥലമേറ്റെടുക്കല്‍ നടപടി ആരംഭിച്ചതായി ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ യോഗത്തെ അറിയിച്ചു. സ്ഥലമേറ്റെടുക്കലിന് മുന്നോടിയായി സമീപ പ്രദേശങ്ങളിലെ വില നിലവാരം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതു പൂര്‍ത്തിയായാല്‍ സ്ഥലമേറ്റെടുക്കല്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്മാര്‍ട്ട് വില്ലേജുകള്‍ സ്ഥാപിക്കുന്നതിന് അനുവദിച്ച പണം ഇതുവരെ ചെലവഴിച്ചിട്ടില്ലെന്നും ഇതിനു കാരണക്കാരായവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും സി. മമ്മൂട്ടി എം.എല്‍.എ ആവശ്യപ്പെട്ടു. ഓടക്കയം-നിലമ്പൂര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് തടസമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനു നടപടി സ്വീകരിക്കാന്‍ ഡി.എഫ്.ഒയെ ചുമതലപ്പെടുത്തി. ജില്ലയിലെ മുഴുവന്‍ താലൂക്ക് ആശുപത്രികളിലേക്കും ഡയാലിസിസ് യൂനിറ്റ് അനുവദിക്കാന്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ പ്രമേയം അവതരിപ്പിച്ചു. സലീം കുരുവമ്പലം അനുവാദകനായി. വിമാനത്താവള വികസനത്തിന് മുന്‍പ് ഏറ്റെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹാരം ഉടന്‍ അനുവദിക്കണമെന്നു ടി.വി ഇബ്രാഹിം എം.എല്‍.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എമാരായ പി. ഉബൈദുല്ല, സി. മമ്മുട്ടി, പി. അബ്ദുല്‍ ഹമീദ്, പി.കെ ബഷീര്‍, ടി.വി ഇബ്രാഹിം, ടി.എ അഹമ്മദ് കബീര്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, എ.ഡി.എം പി. സെയ്യിദലി, ഇ. അഹമ്മദ് എം.പിയുടെ പ്രതിനിധി സലീം കുരുവമ്പലം, നിയമസഭാ സ്പീക്കറുടെ പ്രതിനിധി പി. വിജയന്‍, പ്ലാനിങ് ഓഫിസര്‍ എന്‍.കെ ശ്രീലത എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."