മന്ത്രി എ.സി മൊയ്തീന്റെ വസതിയില്‍ മോഷണശ്രമം
വടക്കാഞ്ചേരി: വ്യവസായ -കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ പനങ്ങാട്ടുകരയിലുള്ള വസതിയില്‍ മോഷണശ്രമം. മുന്‍വാതിലിന്റെ പൂട്ടു തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ രണ്ടു മുറികളുടെ വാതിലുകള്‍ തകര്‍ത്തു. വീടിനുള്ളിലെ സാധനസാമഗ്രികള്‍ മുഴുവന്‍ വാരിവലിച്ചിട്ട നിലയിലാണ്. ഇന്നലെ പുലര്‍ച്ചെയാണ് മോഷണ ശ്രമം നടന്നതെന്നു കരുതുന്നു.
പുറത്തുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് ഇരുനില വീടിന്റെ പ്രധാന വാതിലിന്റെ പൂട്ടു പൊളിച്ചത്. അകത്തുകടക്കുന്നതിന് മുന്‍പ് മോഷ്ടാക്കള്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ഫ്യൂസുകള്‍ ഊരി വീടിനു പിറകിലെ കിണറ്റില്‍ കൊണ്ടിടുകയും ചെയ്തു.
വിദേശത്തുള്ള മകള്‍ ഷീബയുടെ സ്വര്‍ണാഭരണങ്ങളും അയ്യായിരത്തോളം രൂപയും വീടിനുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നെങ്കിലും ഇതു പൊളിക്കാതിരുന്നതിനാല്‍ നഷ്ടപ്പെട്ടിട്ടില്ല. മന്ത്രിയുടെ പഴയ മൊബൈല്‍ ഫോണ്‍ വീടിനുള്ളിലുണ്ടായിരുന്നെങ്കിലും എടുത്തിട്ടില്ല.
കഴിഞ്ഞ ഒരാഴ്ചയായി മന്ത്രിയും കുടുംബവും തിരുവനന്തപുരത്തായതിനാല്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വീട്ടുജോലിക്കാരി ശനിയാഴ്ച വൈകിട്ട് വീട്ടിലെത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നിനു പൊലിസ് സ്ഥലത്തെത്തി ഇവിടെയുള്ള രജിസ്റ്ററില്‍ ഒപ്പിടുകയും ചെയ്തതാണ്. ഇതിനു ശേഷമാവാം മോഷ്ടാക്കള്‍ എത്തിയതെന്നാണ് നിഗമനം.
പുലര്‍ച്ചെ നാലോടെ മന്ത്രി വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തൃശൂര്‍ റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍, സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.കെ രവീന്ദ്രന്‍, കുന്നംകുളം ഡിവൈ.എസ്.പി പി. വിശ്വംഭരന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ സുരേഷ് ബാബു, വടക്കാഞ്ചേരി സി.ഐ ടി.എസ് സിനോജ് എന്നിവര്‍ സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."