യു.എസ് ചുടുന്ന ട്രംപ്
അമേരിക്കയുടെ അമരത്ത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റിട്ട് ഇന്നേക്ക് പത്തുദിവസം തികയുന്നു. രണ്ടര നൂറ്റാണ്ടോളം ജനാധിപത്യ പാരമ്പര്യമുള്ള ഒരു രാജ്യത്തിന്റെ തലപ്പത്ത്, അല്ലെങ്കില്‍ ലോകത്തിലെ ഏറ്റവും ഉന്നത സ്ഥാനങ്ങളിലൊന്നാണ് രാഷ്ട്രീയ പാരമ്പര്യമേതുമില്ലാത്ത ഒരു വ്യവസായി ഭരണം തുടങ്ങിയിരിക്കുന്നത്. അമേരിക്കയുടെ പാരമ്പര്യവും സംസ്‌കാരവും എല്ലാം വിസ്മരിച്ച് പ്രവര്‍ത്തിക്കുന്ന ട്രംപ് പത്തുദിവസത്തിനിടെ തന്റെ വിവാദനയങ്ങള്‍ നടപ്പാക്കിക്കഴിഞ്ഞു. അമേരിക്കയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങളാണ് ഇതിലേറെയും.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അധികാരത്തിലേറിയ ആദ്യ ദിനങ്ങളില്‍ തന്നെ അദ്ദേഹം നടപ്പാക്കി. സ്ഥാനമൊഴിഞ്ഞ ബരാക് ഒബാമയുടെ മിക്ക പദ്ധതികളും തീരുമാനങ്ങളും റദ്ദാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവുകളാണ് വൈറ്റ്ഹൗസിലെ ഓവല്‍ ഓഫിസില്‍ ആദ്യം ട്രംപ് ഒപ്പുവച്ചത്. ചുമതലയേറ്റയുടനെ വന്‍ ജനപ്രീതിയുള്ള ഒബാമ കെയര്‍ പദ്ധതി റദ്ദാക്കി. പിന്നീട് മെക്‌സിക്കോയില്‍ മതില്‍ നിര്‍മിക്കാനും ഇതിനുള്ള ഫണ്ട് കണ്ടെത്താന്‍ മെക്‌സിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് 20 ശതമാനം നികുതി വര്‍ധിപ്പിക്കാനും തീരുമാനിച്ചു. പിറ്റേന്ന് ഫലസ്തീന് ഒബാമ നല്‍കിയ സഹായം മരവിപ്പിച്ചു. അവസാനം ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ തടയാനുള്ള വിവാദ ഉത്തരവിലും ഒപ്പുവച്ചു.
മതില്‍കെട്ടി തുടക്കം
വിവാദ പദ്ധതിയായ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍കെട്ടുമെന്ന് സൂചന നല്‍കി ആദ്യം ട്രംപ് ട്വീറ്റ് ചെയ്തത് നമ്മള്‍ മതില്‍ പണിയും എന്നായിരുന്നു. പിറ്റേന്ന് ഇതുസംബന്ധിച്ച ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചു. അതിര്‍ത്തിയില്‍ മതില്‍കെട്ടാനുള്ള പണം അവരോട് തന്നെ വാങ്ങുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് ട്രംപ് പറഞ്ഞിരുന്നു. മെക്‌സിക്കോ ഇതിനു തയാറായില്ല. മയക്കുമരുന്ന് കള്ളക്കടത്തുകാരെ തടയാനാണ് മതില്‍കെട്ടുന്നതെന്നായിരുന്നുട്രംപിന്റെ വിശദീകരണം. മതില്‍ നിര്‍മിക്കാന്‍ 1,500 കോടി യു.എസ് ഡോളറാണ് ആവശ്യം.
ഇതു കണ്ടെത്താനാണ് മെക്‌സിക്കോയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 20 ശതമാനം പ്രവേശന നികുതി കൂട്ടിയത്. ഇത് അമേരിക്കയില്‍ മെക്‌സിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് വന്‍ വിലവര്‍ധനവിന് കാരണമാകും. ചൈന കഴിഞ്ഞാല്‍ യു.എസ് ഏറ്റവും കൂടുതല്‍ ഇറക്കുമതി നടത്തുന്ന രാജ്യമാണ് മെക്‌സിക്കോ. ടൊയോട്ട കാറുകള്‍ക്ക് പോലും ആയിരം ഡോളര്‍ വര്‍ധിക്കും. യു.എസിലേക്ക് പച്ചക്കറികളും നിത്യോപയോഗ വസ്തുക്കളുമെല്ലാം എത്തുന്നത് മെക്‌സിക്കോയില്‍ നിന്നാണ്.
വാള്‍മാര്‍ട്ട് പോലുള്ള ചില്ലറ വിപണനകേന്ദ്രങ്ങളെയും ഇതു ബാധിക്കും. 10 വര്‍ഷം കൊണ്ട് 10,000 കോടി ഡോളറിന്റെ വരുമാനം നികുതി പരിഷ്‌കരണത്തിലൂടെ നേടുമെന്നാണ് സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന നീക്കമായാണ് മതില്‍കെട്ടല്‍ പദ്ധതിയെ അമേരിക്കക്കാര്‍ കാണുന്നത്.
അഭയാര്‍ഥി വാതില്‍ അടയ്ക്കുന്നു
ഇറാഖ്, സിറിയ, സുദാന്‍, യമന്‍ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ യു.എസില്‍ പ്രവേശിപ്പിക്കണ്ട എന്ന വിവാദ ഉത്തരവാണ് ട്രംപ് തന്റെ ആദ്യ പത്തുദിവസത്തിന്റെ അവസാന ഘട്ടത്തില്‍ ഒപ്പുവച്ചത്. സിറിയയില്‍ നിന്നുള്ള ക്രിസ്ത്യന്‍ അഭയാര്‍ഥികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് കൂടി ട്രംപ് ടി.വി അഭിമുഖത്തില്‍ പറഞ്ഞു. ജീവന്‍ രക്ഷിക്കാന്‍ പലായനം ചെയ്യപ്പെടുന്നവരുടെ ഇടയില്‍ മതത്തിന്റെ പേരില്‍ മതില്‍കെട്ടുന്ന ട്രംപിന്റെ നടപടി ലോകവ്യാപകമായി എതിര്‍ക്കപ്പെട്ടു. ശനിയാഴ്ച ട്രംപ് എടുത്ത തീരുമാനം ഇന്നലെ യു.എസ് ഫെഡറല്‍ കോടതി താല്‍കാലികമായി തടഞ്ഞെങ്കിലും ഇതു തിരികൊളുത്തിയ വിവാദം കെട്ടടങ്ങിയിട്ടില്ല. ഗൂഗ്‌ളും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ള ആഗോള ഭീമന്മാര്‍ തങ്ങളുടെ ജീവനക്കാരെ അമേരിക്കയിലേക്ക് തിരിച്ചുവിളിച്ചു. ആഗോളതലത്തില്‍ ഓഹരി വിപണികളിലും ട്രംപിന്റെ തീരുമാനം പ്രതിഫലിച്ചു.
ഐ.എസിനെ പേടിച്ചാണോ നടപടികള്‍?
ലോകത്തെ സുശക്തമായ രാജ്യമെന്ന് അവകാശപ്പെടുന്ന അമേരിക്ക ഐ.എസ് പോലുള്ള ഭീകരവാദികളെ പേടിക്കുന്നതെന്തിന് എന്ന ചോദ്യം പ്രസക്തമാണ്. ട്രംപ് ഭീകരവാദികളെ ലക്ഷ്യമിടുന്നു എന്നതില്‍ കവിഞ്ഞ് ഒരു സമുദായത്തെ പാര്‍ശ്വവല്‍കരിക്കുന്നു എന്ന് ട്രംപിന്റെ ഓരോ നീക്കങ്ങളില്‍ നിന്നും വ്യക്തമാണ്. അല്‍ഖാഇദ സെപ്റ്റംബര്‍ 11 ആക്രമണം നടത്തിയ ശേഷം ഭീകരരെ ലക്ഷ്യം വച്ചെങ്കില്‍ ഇപ്പോള്‍ മുസ്‌ലിംകളെ മൊത്തമാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഐ.എസിനെ നേരിടാന്‍ ഒബാമ ആസൂത്രണം ചെയ്ത നടപടികള്‍ ലക്ഷ്യംകണ്ടുവരുന്നതിനിടെയാണ് എലിയെ പേടിച്ച് ഇല്ലം ചുടുന്ന ട്രംപിന്റെ നടപടി.അഭയാര്‍ഥികളെല്ലാം ഭീകരവാദികളാണെന്ന വ്യാഖ്യാനമാണ് കഴിഞ്ഞ ദിവസത്തെ ഉത്തരവിലൂടെ ട്രംപ് നല്‍കിയത്.
'പ്രൊട്ടക്ഷന്‍ ഓഫ് ദി നേഷന്‍ ഫ്രം ഫോറിന്‍ ടെററിസ്റ്റ് എന്‍ട്രി ഇന്‍ടു ദി യു.എസ്' എന്ന പേരിലാണ് ഉത്തരവ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷവും രാജ്യത്തേക്കുള്ള തീവ്രവാദികളുടെ പ്രവേശനം തടയാന്‍ മുന്‍ അമേരിക്കന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ലെന്ന് ഉത്തരവില്‍ ട്രംപ് കുറ്റപ്പെടുത്തുന്നു. ഇതിനര്‍ഥം ഉത്തരവിന്റെ ലക്ഷ്യം തീവ്രവാദികളെ തടയുക എന്നതാണ്. അപ്പോള്‍ ട്രംപ് വിലക്കിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന മുസ്‌ലിംകളെല്ലാം തീവ്രവാദികളാണെന്ന് പറയാതെ പറയുകയാണ് യു.എസ് പ്രസിഡന്റ്. ട്രംപ് മുസ്‌ലിം വിലക്കാണ് ലക്ഷ്യമിട്ടതെന്നും പിന്നീട് അഭയാര്‍ഥി വിലക്കായി മാറ്റുകയായിരുന്നുവെന്നും ഇന്നലെ ട്രംപിന്റെ സഹായി വ്യക്തമാക്കുകയും ചെയ്തതോടെ ഉദ്ദേശ്യശുദ്ധിയെ കുറിച്ചും സംശയിക്കേണ്ടതില്ല. ട്രംപിന് ബിസിനസ് ബന്ധങ്ങളുള്ള മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാരെ വിലക്കിയില്ലെന്നതും ശ്രദ്ധേയമാണ്. കൃത്യമായ വര്‍ഗീയ അജണ്ടയാണ് ട്രംപിന് മുന്നിലുള്ളതെന്നും അത് ലോകത്തെ കൂടുതല്‍ അസ്ഥിരതയിലേക്ക് നയിക്കുമെന്നും യു.എസ് മാധ്യമങ്ങള്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
'ലോകാവസാന' ക്ലോക്കിലും ചലനം
ഡൊണാള്‍ഡ് ട്രംപ് ലോകം നശിപ്പിക്കുന്ന വന്‍ ഭീഷണിയാണെന്ന് ലോകം അംഗീകരിക്കുകയാണ്. ലോകാവസാന ക്ലോക്ക് എന്നറിയപ്പെടുന്ന സാങ്കല്‍പിക കലണ്ടറില്‍ അന്ത്യയാമത്തിന് ട്രംപിന്റെ സാന്നിധ്യം മൂലം ഇനി രണ്ടര മിനുട്ട് മാത്രമേയുള്ളൂവെന്ന് ബുള്ളറ്റിന്‍ ഓഫ് ദി ആറ്റോമിക് സയിന്റിസ്റ്റ് പറയുന്നു. നിലവിലെ ഭൂമിയിലെ ഭീഷണികള്‍ നിരത്തിയാണ് 'ലോകാവസാന' സമയമായോ എന്ന് കലണ്ടര്‍ വിലയിരുത്തുന്നത്. ആണവായുധങ്ങള്‍, കാലാവസ്ഥാവ്യതിയാനങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവക്കൊപ്പമാണ് ഇത്തവണ ട്രംപിന്റെ സാന്നിധ്യവും ലോകാവസാനത്തിന് കാരണമാകുമെന്ന് ബുള്ളറ്റിന്‍ പറയുന്നത്. ഭൂമിയിലെ ഭീഷണിയുടെ തോതാണ് ക്ലോക്കിലെ മിനുട്ട് സൂചി.
2012 ജനുവരിയില്‍ 11.55 പി.എം ആയാണ് ഡൂംസ്‌ഡേ ക്ലോക്കില്‍ സൂചികള്‍ ക്രമീകരിച്ചിരുന്നത്. ലോകത്തിന് സംഭവിച്ചേക്കാവുന്ന ദുരന്തങ്ങള്‍ പ്രവചിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മന്‍ഹാട്ടനില്‍ സ്ഥാപിച്ച ദൃശ്യാവിഷ്‌കാരമാണ് ഡൂംസ്‌ഡേ ക്ലോക്ക്. ക്ലോക്കിലെ മിനുട്ട് സൂചി അര്‍ധരാത്രിയില്‍ 12 ആകുമ്പോള്‍ ലോകം അവസാനിക്കുന്ന സമയമായാണ് കണക്കാക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു ഭരണാധികാരി ഈ ക്ലോക്കിലെ സൂചികളെ സ്വാധീനിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."