ഏറനാട്ടില്‍ സി.പി.എം-സി.പി.ഐ തര്‍ക്കം പുതിയ തലത്തിലേക്ക്
അരീക്കോട്: ഏറനാട് നിയോജക മണ്ഡലത്തിലെ ഇടതുകക്ഷികള്‍ക്കിടയില്‍ വര്‍ഷങ്ങളായി തുടരുന്ന പോര് പരസ്യമാകുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായിരുന്ന സി.പി.ഐയുടെ അഷ്‌റഫ് കാളിയത്തിന് പിന്തുണ കൊടുക്കുന്നതിന് പകരം സ്വതന്ത്രനായി മത്സരിച്ചിരുന്ന പി.വി അന്‍വറിനെ പിന്തുണച്ചതിലൂടെ സംസ്ഥാന തലത്തില്‍ തന്നെ എല്‍.ഡി.എഫില്‍ ഭിന്നത പ്രകടമായിരുന്നു.
സി.പി.എമ്മിനകത്തെ സംഘടനാ വീഴ്ചകളെ ചൂണ്ടിക്കാട്ടി കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ മുന്നൂറോളം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നിരുന്നു. തിരിച്ച് പാര്‍ട്ടിയിലേക്ക് ആളുകളെ കൊണ്ടുവരാന്‍ സാമ്പത്തിക സഹായം ചെയ്യാനും സി.പി.എം തയാറായതായി സി.പി.ഐ ആരോപിച്ചു. ഇതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.
സി.പി.ഐക്ക് കൂടുതല്‍ ശക്തിയുള്ള ഊര്‍ങ്ങാട്ടീരി പഞ്ചായത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് തുടരെ രാജിവയ്ക്കാന്‍ തുടങ്ങിയതോടെ പ്രശ്‌നം കൈയാംകളിയിലെത്തുകയും ചെയ്തു.
പാര്‍ട്ടിയില്‍ നിന്ന് പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നത് തടയാന്‍ ആഭ്യന്തര വകുപ്പിനെ ആയുധമാക്കി പ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസെടുക്കുകയാണ് സി.പി.ഐ നേതാക്കള്‍ ആരോപിക്കുന്നു. മൂന്ന് മാസം മുമ്പ് നടന്ന ഗ്രാമസഭയിലുണ്ടായ സംഘര്‍ഷത്തിന്റെ മറവില്‍ പ്രവര്‍ത്തകര്‍ക്കെതിരേ വ്യാജ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നാണ് സി.പി.ഐയുടെ പരാതി.
പ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസ് എടുക്കുന്നതിനെതിരേ സി.പി.ഐ ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ ആദ്യം നിയമനടപടികളിലേക്ക് നീങ്ങി മുന്നണി ബന്ധം തകര്‍ത്തത് സി.പി.ഐയാണെന്ന നിലപാടിലാണ് സി.പി.എം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."