സുരക്ഷയില്ലാതെ പൂനെ ഐ.ടി ജീവനക്കാര്‍
പൂനെ: ഇന്‍ഫോസിസ് ജീവനക്കാരിയും മലയാളിയുമായ ഒ.പി രസിലാ രാജു കൊല്ലപ്പെട്ട സംഭവം പൂനെ ഐ.ടി സ്ഥാപനങ്ങളിലുണ്ടായ പുതിയ സംഭവമല്ലെന്ന് പൊലിസ്. ഇതിന് മുന്‍പും ജോലിക്കാരികളായ നിരവധി പെണ്‍കുട്ടികള്‍ ഇവിടെ മരിച്ചിരുന്നുവെന്നും പൊലിസ് പറയുന്നു.
ഇന്‍ഫോസിസ് ഉള്‍പ്പടെ പൂനെയില്‍ ഐ.ടി രംഗത്ത് ഏതാണ്ട് 300 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഇന്‍ഫോസിസില്‍ മാത്രം 30,000ത്തോളം ജീവനക്കാര്‍ ഉള്‍പ്പെടെ 4 ലക്ഷത്തോളം പേരാണ് ഐ.ടി സംരംഭങ്ങളില്‍ ജോലി ചെയ്യുന്നത്.
ബഹുഭൂരിപക്ഷം കമ്പനികളും സുരക്ഷക്കായി പുറത്തുള്ള സെക്യൂരിറ്റി ഏജന്‍സികളെയാണ് ആശ്രയിക്കുന്നത്. ഇവിടങ്ങളിലെല്ലാമുണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ കൂടുതലും ഈ സുരക്ഷാ ജീവനക്കാര്‍ വഴിയുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ പല സോഫ്റ്റ് വെയര്‍ കമ്പനികളും നിരവധി ഐ.ടി പാര്‍ക്കുകളും കാംപസുകളും തുടങ്ങിയിട്ടുണ്ട്. ഇവിടങ്ങളില്‍ ജീവനക്കാരില്‍ കൂടുതലും സ്ത്രീകളാണ്.
അടുത്ത കാലത്തായി കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാ ഓഫിസുകളിലും പുറത്തും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അക്രമങ്ങള്‍ക്ക് കുറവില്ലെന്നാണ് രസിലാ രാജുവിനൊപ്പം ജോലി ചെയ്യുന്നവര്‍ പറയുന്നത്. 2015 ഡിസംബറില്‍ 25 വയസുകാരിയായ കാന്റിന്‍ ജീവനക്കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ രണ്ടു സുരക്ഷാ ജീവനക്കാര്‍ പിടിക്കപ്പെടുകയും ചെയ്തു.
2009ല്‍ പൂനെയിലെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന നയന പൂജാരി എന്ന യുവതി കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ ജീവനക്കാരെ എത്തിക്കുന്ന വാഹനത്തിലെ ഡ്രൈവറും സുഹൃത്തുമായിരുന്നു പ്രതികള്‍. മറ്റൊരു സംഭവമുണ്ടായത് വിപ്രോ കമ്പനിയിലെ ജീവനക്കാരിയായ ജ്യോതികുമാരി ചൗധരിയുടെ മരണമായിരുന്നു. ബലാത്സംഗത്തിനിരയാക്കിയ യുവതിയെ പിന്നീട് അക്രമികള്‍ തല നിലത്തിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനു പിന്നിലും സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. 2008 ഓഗസ്റ്റില്‍ കാള്‍ സെന്റര്‍ എക്‌സിക്യൂട്ടിവായ യുവതിയും കൂട്ട ബലാത്സംഗത്തിനിരയായിരുന്നു. ഈ സംഭവത്തിലെ പ്രതികളെ കണ്ടെത്താന്‍ ഇതുവരെ പൊലിസിന് ആയിട്ടില്ലെന്നും ഐ.ടി ജീവനക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."