ഇടക്കാല ഉടച്ചുവാര്‍ക്കല്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ) കുത്തഴിഞ്ഞ ഭരണ സംവിധാനത്തിനു ഒടുവില്‍ സുപ്രിം കോടതിയുടെ ശക്തമായ കടിഞ്ഞാണ്‍. അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യന്‍ സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ച മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയെ ആധ്യക്ഷനാക്കി ഇടക്കാല ഭരണ സമിതിയെ നിയമിച്ചു കൊണ്ടുള്ള ഇപ്പോഴത്തെ ഉത്തരവ് ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.
ചരിത്രകാരനും ക്രിക്കറ്റ് കോളമിസ്റ്റുമായ രാമചന്ദ്ര ഗുഹ, ഐ.ഡി.എഫ്.സി സി.ഇ.ഉയും എം.ഡിയുമായ വിക്രം ലിമായെ, മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഡയാന എഡുല്‍ജി എന്നിവരാണ് ഭരണ സമിതിയിലെ മറ്റംഗങ്ങള്‍. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് പുതിയ ഭരണ സമിതിയെ നിയോഗിക്കാനുള്ള ഉത്തരവിട്ടത്. അമിതാഭ് ചൗധരി, അനിരുദ്ധ് ചൗധരി, വിക്രം ലിമായെ എന്നിവരാണ് ഐ.സി.സി പ്രതിനിധികള്‍. രണ്ടാം യു.പി.എ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ടുജി സ്‌പെക്ട്രം ഉള്‍പ്പെടെയുള്ള അഴിമതി ഇടാപടുകളുടെ കള്ളകണക്കുകള്‍ കണ്ടെത്തിയ വിദഗ്ധനായ ഉദ്യോഗ്സ്ഥാനാണു വിനോദ് റായ്. 1972ഐ.എ.എസ് ബാച്ചിലെ കേരള കേഡര്‍ ഉദ്യോഗസ്ഥാനായ റായ് തൃശൂര്‍ സബ് കലക്ടര്‍, കലക്ടര്‍, കേര ഫെഡ് എം.ഡി എന്നീ സ്ഥാനങ്ങളിലുണ്ടായിരുന്നു.
സുപ്രിം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിമാരായ ഗോപാല്‍ സുബ്രഹ്മണ്യം, അനില്‍ ദിവാന്‍ എന്നിവര്‍ ഭരണസമിതിയിലേക്കുള്ള ഒന്‍പത് പേരുടെ പട്ടിക കോടതിക്ക് നല്‍കിയിരുന്നു. എന്നാല്‍ ലോധ സമിതി ശുപാര്‍ശ ചെയ്ത 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍ പാടില്ലെന്ന നിബന്ധനയ്ക്ക് വിരുദ്ധമായവരും അമിക്കസ് ക്യൂറിമാര്‍ നല്‍കിയ പട്ടികയിലുണ്ടായിരുന്നു. ഇതിനെ കോടതി നേരത്തെ വിമര്‍ശിക്കുകയും ചെയ്തു.
അമിക്കസ് ക്യൂറിമാര്‍ നല്‍കുന്ന പേരുകള്‍ മാത്രം പരിഗണിക്കുന്നത് ഏകപക്ഷീയമാണെന്ന വാദം അംഗീകരിച്ച കോടതി ബി.സി.സി.ഐയോടും കേന്ദ്ര സര്‍ക്കാരിനോടും പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ പട്ടികകളെല്ലാം പൂര്‍ണമായും തള്ളിക്കളഞ്ഞാണു കോടതിയുടെ പുതിയ ഉത്തരവ്. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി കായിക വകുപ്പ് സെക്രട്ടറിയെ ഭരണ സമിതി അംഗമാക്കണമെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി. മന്ത്രിമാരും രാഷ്ട്രീയ പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബി.സി.സി.ഐ ഭരണത്തില്‍ വരരുതെന്ന ലോധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നു പരമോന്നത കോടതി വ്യക്തമാക്കി. ബി.സി.സി.ഐയുമായോ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുമായോ ഒന്നും ബന്ധമില്ലാത്തവരാണ് നിലവില്‍ കോടതി നിയമിച്ചവര്‍ എന്നത് ശ്രദ്ധേയമാണ്. അമിക്കസ് ക്യൂറി, ബി.സി.സി.ഐ, കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ എന്നിവരുടെ വാദം കേട്ട ശേഷമാണ് കോടതിയുടെ ഉത്തരവ്.
ഫിഫ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ കായിക സമിതിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. രാഷ്ട്രീയക്കാര്‍ എക്കാലവും കൈയടക്കിവച്ചിരുന്ന ഭരണ സംവിധാനം കുത്തഴിഞ്ഞ നിലയിലാണ് കുറേക്കാലമായി പ്രവര്‍ത്തിക്കുന്നത്. ഐ.സി.സിയില്‍ പോലും ഇന്ത്യന്‍ ബോര്‍ഡിന്റെ വാക്കിനു തിരുവായ്ക്ക് എതിര്‍വായില്ലെന്ന അവസ്ഥയായിരുന്നു. ഐ.പി.എല്‍ കോഴ വിവാദം കത്തിപ്പടര്‍ന്നതിനു പിന്നാലെയാണ് ബി.സി.സി.ഐയുടെ ഭരണ കാര്യങ്ങളില്‍ നിയന്ത്രണം വേണമെന്ന വിഷയത്തില്‍ സുപ്രിം കോടതി ഇടപെട്ടത്. ബി.സി.സി.ഐയുടെ പ്രവര്‍ത്തന രീതി പരിശോധിക്കാനും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കോടതി ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ലോധ സമിതി ഇക്കാര്യത്തില്‍ ഉചിതമായ നിര്‍ദേശങ്ങള്‍ നല്‍കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സമിതിയുടെ ശുപാര്‍ശകള്‍ മുഴുവന്‍ അംഗീകരിച്ച കോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ ശുപാര്‍ശ നടപ്പാക്കാതെ ഉഴപ്പിയ ബി.സി.സി.ഐ നടപടിക്കെതിരേ കോടതി മുന്നറിയിപ്പു നല്‍കി. സമയം വേണമെന്നും മറ്റുമുള്ള ന്യായങ്ങള്‍ നിരത്തിയാണ് ബോര്‍ഡ് ഉത്തരവ് കാറ്റില്‍ പറത്തിയത്. ഒടുവില്‍ ഈ മാസം ആദ്യം ബി.സി.സി.ഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിനേയും ജനറല്‍ സെക്രട്ടറി അജയ് ഷിര്‍ക്കയേയും പുറത്താക്കിയതോടെയാണ് ഇപ്പോഴത്തെ ഭരണ മാറ്റത്തിലേക്ക് കാര്യങ്ങളെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."