ത്രിവേണി വാഹനങ്ങള്‍ ലേലം കൊള്ളാന്‍ ആളില്ല
കണ്ണൂര്‍: കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ ആരംഭിക്കുകയും പിന്നീട് കട്ടപ്പുറത്താവുകയും ചെയ്ത ത്രിവേണി മൊബൈല്‍ വാഹനങ്ങള്‍ ലേലം കൊള്ളാനാളില്ല. കട്ടപ്പുറത്തായതിന തുടര്‍ന്ന് പൂര്‍ണമായും ഉപയോഗ്യശൂന്യമായതടക്കമുള്ള 90 വാഹനങ്ങളാണ് രണ്ടാഴ്ച മുമ്പ് കണ്‍സ്യൂമര്‍ ബോര്‍ഡ് ലേലത്തിന് വച്ചത്. ആരും ലേലം കൊള്ളാനില്ലാതായതോടെ ഫെബ്രുവരി മൂന്നിന് പുനര്‍ലേലം കൊള്ളേണ്ട അവസ്ഥയായി. ആരും ലേലം കൊള്ളാനെത്തിയില്ലെങ്കില്‍ കോടികള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ക്ക് റോഡരികില്‍ തന്നെ തുരുമ്പെടുക്കേണ്ടി വരും.
യഥാസമയം തീരുമാനമെടുക്കാതെ വര്‍ഷങ്ങളോളം റോഡരികില്‍ കിടന്നതാണ് വാഹനങ്ങള്‍ക്ക് ഇരുമ്പ് വില പോലും കിട്ടാതാക്കിയത്. കണ്‍സ്യൂമര്‍ഫെഡിന്റെ അലസ സമീപനത്തിന് ഉത്തമ ഉദാഹരണമാണ് മൊബൈല്‍ വാഹനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ.
വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്താണ് ഗ്രാമങ്ങളിലും നഗരങ്ങളിലും ത്രിവേണി മൊബൈല്‍ വാഹനങ്ങളുപയോഗിച്ച് ന്യായവിലക്ക് സാധനസാമഗ്രികള്‍ ലഭ്യമാക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ് പദ്ധതി തയാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളിലേക്ക് വാങ്ങിയ 90 വാഹനങ്ങളാണ് ഇപ്പോള്‍ റോഡരികില്‍ നാഥനില്ലാതെ കിടന്ന് തുരുമ്പെടുക്കുന്നത്. ഇനിയൊന്നും ചെയ്യാനില്ലെന്ന ഘട്ടത്തിലാണ് കഴിഞ്ഞ 15ന് വാഹനങ്ങള്‍ ലേലം ചെയ്യാന്‍ കണ്‍സ്യൂമര്‍ ഫെഡ് തീരുമാനിച്ചത്.
വാഹനം പരിശോധിച്ച് ഉപയോഗശൂന്യമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാകാം സാധാരണ രീതിയില്‍ ലേലം കൊള്ളുന്നവര്‍ ലേലം കൊള്ളാനെത്താഞ്ഞതെന്നാണ് സൂചന. സാധനങ്ങള്‍ ഡിസ്‌പ്ലേ ചെയ്ത് വില്‍പ്പന നടത്താന്‍ ഉതകുന്ന 80 വലിയ ബസുകള്‍, അഞ്ച് ഗുഡ്‌സ് വാഹനങ്ങള്‍, അഞ്ച് നോണ്‍ ട്രാന്‍സ്‌പോര്‍ട്ടിങ് വാഹനങ്ങള്‍ എന്നിവയാണ് ലേലത്തിന് വച്ചിരിക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് സ്വീകാര്യത നഷ്ടപ്പെട്ടതിനെ തുടര്‍ന്നും കണ്‍സ്യൂമര്‍ഫെഡിലെ വിവാദങ്ങളും കാരണം മൊബൈല്‍ ത്രിവേണി വാഹനങ്ങള്‍ കട്ടപ്പുറത്തായത്. ആദ്യഘട്ടങ്ങളില്‍ നല്ല സ്വീകാര്യത കിട്ടിയിരുന്നെങ്കിലും പിന്നീട് കൃത്യമായി ഓരോ സ്ഥലങ്ങളിലും എത്താത്തതിനെ തുടര്‍ന്ന് ജനം കൈയൊഴിയുകയായിരുന്നു. പുനര്‍ ലേലം നടന്നാലും വാഹനങ്ങളുടെ മതിപ്പുവില ലഭിക്കില്ലെന്നതിനാല്‍ കോടികളുടെ നഷ്ടത്തിന് ആര് ഉത്തരം പറയുമെന്ന അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."