കാന്തപുരം വിഭാഗത്തിന്റെ ആക്രമണം; കക്കോവ് പള്ളിയില്‍ വീണ്ടും ജുമുഅ മുടങ്ങി
കക്കോവ്: മലപ്പുറം ജില്ലയിലെ വാഴയൂര്‍ പഞ്ചായത്തിലെ കക്കോവ് ജുമാമസ്ജിദില്‍ ജുമുഅ ആരംഭിക്കുന്നതിനു മുന്‍പ് നടന്ന കാന്തപുരം വിഭാഗത്തിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തെ തുടര്‍ന്ന് ജുമുഅ നമസ്‌കാരം മുടങ്ങി. കഴിഞ്ഞ ദിവസം ജുമുഅ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് ആസൂത്രിതമായ ആക്രമണവും ജുമുഅ തടസപ്പെടുത്തലും ഉണ്ടായത്. വിശ്വാസികള്‍ എത്തി സുന്നത്ത് നമസ്‌കരിക്കുന്ന സമയത്താണ് അക്രമകാരികള്‍ പള്ളിയിലെ മിമ്പറിലേയ്ക്കും മിഹ്‌റാബിലേക്കും ഇരച്ചെത്തി കൊലവിളി നടത്തിയത്. കയ്യില്‍ കരുതിയ കുരുമുളക് സ്‌പ്രേ ഉപയോഗിച്ചും മുളക് പൊടി വിതറിയും വിശ്വാസികളെ ഭയപ്പെടുത്തിയ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുകയും ചെയ്തു.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ചിറക്കല്‍ കെ.വി ഹിബത്തുള്ള മുസ്‌ലിയാര്‍ (65), പീടിക തടത്തില്‍ അബ്ദുല്‍ റഷീദ് മുസ്‌ലിയാര്‍ (40), ചെറുമണ്ണില്‍ അബ്ദുറഹിമാന്‍ (62), ചെറുമണ്ണില്‍ അബ്ദുല്‍ ജബ്ബാര്‍ (30), കണ്ണാടിക്കുഴി മുഹമ്മദ് (55) എന്നിവരെ മലപ്പുറം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയും ജുമുഅ മുടക്കാനായി ബാങ്ക് വിളിക്കുന്നതിന് മുന്‍പ് കാന്തപുരം വിഭാഗം ആസൂത്രിതമായി എത്തിയിരുന്നെങ്കിലും അവസരോചിത ഇടപെടല്‍ മൂലം ജുമുഅ തടസപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.
2015 ജൂലായ് 24ന് ഇതേരീതിയില്‍ കാന്തപുരം വിഭാഗം പള്ളിയില്‍ ആക്രമണം അഴിച്ചുവിടുകയും പള്ളിയിലെ ജുമുഅ മുടക്കുകയും ചെയ്തിരുന്നു. സമസ്തയുടെ പേരില്‍ സൊസൈറ്റി ആക്റ്റ് അനുസരിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രജിസ്റ്റര്‍ ചെയ്തതും കാലങ്ങളായി പുതുക്കിപ്പോരുന്നതുമായ ഹിദായത്തുല്‍ മുസ്‌ലിമീന്‍ സംഘത്തിന്റെ കീഴിലാണ് പള്ളിയും മദ്‌റസയും അനുബന്ധ വഖഫ് സ്വത്തുക്കളും സംരക്ഷിച്ചു പോരുന്നത്. അടിസ്ഥാന പ്രമാണങ്ങളെല്ലാം സമസ്തയില്‍ രജിസ്റ്റര്‍ ചെയ്ത മഹല്ലിന്റെ ഭരണാധികാരം കൈയേറാനുള്ള ശ്രമിച്ച് 1989 മുതല്‍ കാന്തപുരം വിഭാഗം അക്രമവും സംഘര്‍ഷവും സൃഷ്ട്ടിച്ച് കൊണ്ടിരിക്കുകയാണ് .
ഇതേത്തുടര്‍ന്ന് മഹല്ല് നിവാസികള്‍ വഖഫ് ബോര്‍ഡില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മഹല്ല് ബോര്‍ഡിന്റെ പരിഗണനയില്‍ വരികയും മഹല്ല് കമ്മിറ്റിയുടെ ജനറല്‍ ബോഡി വിളിച്ചുചേര്‍ത്ത് ഹിതപരിശോധന നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് വഖഫ് ബോര്‍ഡ് റിട്ടേണിങ് ഓഫിസറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. മഹല്ല് ജനറല്‍ ബോഡി തെരഞ്ഞെടുപ്പില്‍ പരാജയം കാലേക്കൂട്ടി കണ്ടറിഞ്ഞ കാന്തപുരം വിഭാഗം ആസൂത്രിതമായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി പണ്ഡിതന്മാര്‍ ദര്‍സ് നടത്തുകയും പഠിക്കുകയും ചെയ്ത വര്‍ഷങ്ങളുടെ പഴക്കമുള്ള പള്ളിയാണ് കക്കോവ് മഹല്ല് ജുമാമസ്ജിദ്. എടവണ്ണപ്പാറ മേഖല എസ്.എം .എഫ്, ജംഈയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ.എസ്.എസ്.എഫ്, വാഴയൂര്‍ പഞ്ചായത്ത് എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റികള്‍ തുടങ്ങിയവര്‍ സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."