കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും ശമ്പളം മുടങ്ങി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും ശമ്പള വിതരണം മുടങ്ങി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ(ടി.ഡി.എഫ്) മൂന്നിന് പണിമുടക്ക് നടത്തും. എ.ഐ.ടി.യു.സി ഗതാഗതമന്ത്രിയുടെ വീട്ടിലേക്ക് ഇന്ന് മാര്‍ച്ചും നടത്തും. ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഡിസംബറിലെ 25 ശതമാനം ശമ്പളക്കുടിശ്ശിക ഇന്നലെ നല്‍കി. ജനുവരിയിലെ ശമ്പളവും ഡിസംബര്‍, ജനുവരി മാസങ്ങളിലെ പെന്‍ഷനുമാണ് കുടിശ്ശികയുള്ളത്. അവസാനത്തെ പ്രവര്‍ത്തി ദിനമാണ് ശമ്പളദിനം. ഇന്നലെയാണ് ജനുവരിയിലെ ശമ്പളം നല്‍കേണ്ടിയിരുന്നത്.
ഇതിന് 70 കോടി രൂപ വേണം. ശമ്പളം നല്‍കുന്നതിനുള്ള ഒരു നടപടിയും മാനജ്‌മെന്റ് സ്വീകരിക്കാത്തതാണ് ജീവനക്കാരെ പ്രകോപിതരാക്കിയത്. ഹാജര്‍ അടിസ്ഥാനമാക്കി യൂനിറ്റുകളില്‍ നിന്നും ശേഖരിക്കുകയോ ശമ്പള ബില്‍ തയാറാക്കുകയോ ചെയ്തിട്ടില്ല. ശമ്പളം വൈകുമെങ്കിലും സാധാരണ ഓഫിസ് നടപടികള്‍ പൂര്‍ത്തീകരിക്കാറുണ്ട്.
എന്നാല്‍ കെ.ടി.ഡി.എഫ്.സിയില്‍ നിന്നും 100 കോടി രൂപയുടെ വായ്പ കൂടി ലഭിച്ചതായി മന്ത്രി എ.കെ ശശീന്ദ്രന്റെ ഓഫിസ് അറിയിച്ചു. 50 കോടി രൂപ ജനുവരിയിലെ ശമ്പളം നല്‍കാനാണ്. ശേഷിക്കുന്ന തുക കണ്ടെത്തണം. അതിനിടെ കോര്‍പറേഷനില്‍ പെന്‍ഷന്‍ വിതരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. ഡിസംബര്‍, ജനുവരി മാസങ്ങളിലെ പെന്‍ഷന്‍ പൂര്‍ണമായും നല്‍കിയിട്ടില്ല. സര്‍ക്കാര്‍ വിഹിതമായ 27.5 കോടി പോലും വിതരണം ചെയ്തിട്ടില്ല. കെ.എസ്.ആര്‍.ടി.സിയുടെ വിഹിതം മുടങ്ങുമ്പോള്‍ സര്‍ക്കാര്‍ വിഹിതം ഉപയോഗിച്ച് ഭാഗിക പെന്‍ഷനെങ്കിലും നല്‍കുന്ന പതിവുണ്ടെങ്കിലും അതും നടന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."