ലോ അക്കാദമി ഭൂമി പ്രശ്‌നം: അഡീഷനല്‍ ചീഫ് സെക്രട്ടറി അന്വേഷിക്കും
തിരുവനന്തപുരം:ലോ അക്കാദമി ലോ കോളജിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അഡീഷനല്‍ ചീഫ് സെക്രട്ടറി (റവന്യൂ) പി.എച്ച്. കുര്യനോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്ഷകാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍,വി. മുരളീധരന്‍, പൊതുപ്രവര്‍ത്തകന്‍ സി.എല്‍. രാജന്‍ എന്നിവരുടെ കത്തുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
മൂന്ന് കാര്യങ്ങളാവും അന്വേഷിക്കുക. അക്കാദമിയുടെ ഇപ്പോഴത്തെ ഘടനയിലുള്ള ട്രസ്റ്റിനാണോ ഭൂമി നല്‍കിയത്, ആ ഭൂമി മറ്റാവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നുണ്ടോ, സൊസൈറ്റി എന്ന നിലയിലല്ലാതെ സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ചേര്‍ന്ന് സെക്രട്ടേറിയറ്റിന് സമീപത്ത് പുന്നന്‍ റോഡിലുള്ള സ്ഥലത്ത് ഫ്‌ളാറ്റ് കെട്ടി വില്‍പന നടത്തുന്നത് നിയമപരമാണോ എന്നിവയാണവ.
പ്രശസ്ത അധ്യാപകനായിരുന്ന പ്രൊഫ. പി.സുന്ദരന്‍പിള്ളയുടേതായിരുന്നു അക്കാദമിയുടെ സ്ഥലമെന്നാണ് പഴയ രേഖകളില്‍ പറയുന്നത്. 11 ഏക്കര്‍ 41 സെന്റ് അദ്ദേഹത്തിന്റെ കാലശേഷം മകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.എസ്. നടരാജപിള്ളയുടെ പേരിലായി. ബ്രിട്ടീഷുകാര്‍ക്കെതിരേയുള്ള സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഭൂമി കണ്ടുകെട്ടി. സ്വാതന്ത്ര്യാനന്തരം, പട്ടം താണുപിള്ളയുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന നടരാജപിള്ളയ്ക്ക് ഭൂമി തിരിച്ച് നല്‍കാന്‍ സര്‍ക്കാര്‍ അന്ന് ഒരുങ്ങിയെങ്കിലും അദ്ദേഹം വേണ്ടെന്ന് പറഞ്ഞു.
ഈ ഭൂമിയാണ് 1968ല്‍ അക്കാദമിക്ക് മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയത്. കൃഷി മന്ത്രിയായിരുന്ന എം.എന്‍. ഗോവിന്ദന്‍നായരാണ് ഇതിന് മുന്‍കൈയെടുത്തത്. ഗവര്‍ണര്‍ മുഖ്യരക്ഷാധികാരിയും മുഖ്യമന്ത്രി രക്ഷാധികാരിയുമായ ഒരു ട്രസ്റ്റിനാണ് ഭൂമി നല്‍കിയത്. 1971ല്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി 1976ല്‍ 30 വര്‍ഷത്തേക്ക് കാലാവധി നീട്ടി നല്‍കി. കെ. കരുണാകരന്‍ മുഖ്യമന്ത്രിയും പി.ജെ. ജോസഫ് റവന്യൂ മന്ത്രിയുമായിരുന്ന കാലത്ത് 1984 ജൂണ്‍ 20ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ചെട്ടിവിളാകം വില്ലേജില്‍ സര്‍വേ നമ്പര്‍ 13429 എ യിലും 10എ യിലും പെട്ട 11.29 ഏക്കര്‍ സ്ഥലം ലോ അക്കാദമിക്ക് പതിച്ച് നല്‍കാന്‍ തീരുമാനിച്ചത്.
ഭൂമി സംബന്ധിച്ച എല്ലാ രേഖകളും പരിശോധിയ്ക്കണമെന്നും മന്ത്രി റവന്യൂ സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമവിരുദ്ധമായാണ് ഭൂമി ഉപയോഗിക്കുന്നതെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഇതിനിടെ, ലോ അക്കാദമി ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന പല കെട്ടിടങ്ങളും അനധികൃതമാണെന്ന് കോര്‍പറേഷന്‍ കണ്ടെത്തിയിരുന്നു. പല കെട്ടിടങ്ങളുടെയും രേഖകള്‍ കോര്‍പറേഷന്റെ കൈവശമില്ലെന്നും കോര്‍പറേഷന്‍ നടത്തിയ അദാലത്തില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."