മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്: വികസന നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനം
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിന് എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ മുഴുവന്‍ ഫണ്ടും ലഭ്യമാക്കാന്‍ ധനകാര്യവകുപ്പ് നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. മാര്‍ച്ച് അവസാനത്തിനു മുന്‍പ് പ്രസ്തുത തുക സ്വീകരിക്കാന്‍ ആവശ്യമായ നടപടികളാണ് പൂര്‍ത്തിയാകാനുള്ളത്. റോഡ് വികസനത്തിനു ഭൂമി വിട്ടുനല്‍കാന്‍ റോഡിന്റെ പരിധിയില്‍ വരുന്ന 200ഓളം ഉടമകള്‍ ഇതിനകം സമ്മതപത്രം നല്‍കിയിട്ടുണ്ട്. ശേഷിക്കുന്നവരുടെ യോഗം 14നു മൂന്നിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു.
സമ്മതപത്രം നല്‍കാന്‍ കാലതാമസമുണ്ടായാല്‍ അക്വിസിഷന്‍ നടപടികളുമായി മുന്നോട്ടുപോകും. സമ്മതപത്രം നല്‍കിയവര്‍ക്ക് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസത്തില്‍ തന്നെ പണം നല്‍കും.
ഡോക്യുമെന്റുകളും സ്ഥലപരിശോധനയും ത്വരിതപ്പെടുത്താന്‍ ലാന്‍ഡ് അക്വിസിഷന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസിലേക്ക് രണ്ടുവീതം സര്‍വയര്‍മാര്‍, റവന്യു ഇന്‍സ്‌പെക്ടര്‍മാര്‍ ക്ലര്‍ക്കുമാര്‍ എന്നിവരെ നിയോഗിക്കും. രജിസ്‌ട്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സഹകരണവും തേടും.
ഭൂമി ഏറ്റെടുക്കുന്നതിനു ഫണ്ട് നല്‍കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ യോഗത്തില്‍ പറഞ്ഞു. ഫണ്ട് ലഭ്യമായാല്‍ ചെലവിടുന്ന കാര്യത്തില്‍ കാലതാമസമുണ്ടാകരുത്. മാര്‍ച്ച് 31നു മുന്‍പ് ഘട്ടംഘട്ടമായി ഫണ്ട് ലഭ്യമാക്കുന്നതിനുള്ള ഷെഡ്യൂള്‍ തയാറാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഈ മാസം 15, മാര്‍ച്ച് 10, 30 തിയതികളില്‍ സമ്മതപത്രം സമര്‍പ്പിക്കുന്നവരെ ഉള്‍പ്പെടുത്തി ഫണ്ടിന് ആവശ്യപ്പെടാനാണ് തീരുമാനം. രേഖകള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഗവ. പ്ലീഡര്‍ക്ക് പരിശോധനയ്ക്കായി അയക്കുന്നതിന് നഗരപാതാ വികസന പദ്ധതി (എല്‍.എ) സ്‌പെഷ്യല്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തി.
സമ്മതപത്രം നല്‍കാത്തവരെയും കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാത്തവരെയും മറ്റു കാരണങ്ങള്‍ കൊണ്ട് ഭൂമി ഡയറക്ട് പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കാത്തവരെയും ഉള്‍പ്പെടുത്തി പുതിയ അക്വിസിഷന്‍ ആക്ട് പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കും.
എ.ഡി.എം ടി. ജനില്‍കുമാര്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ പി.സി ഹരികേശ്, ജില്ലാ ഗവ. പ്ലീഡര്‍ കെ.എന്‍ ജയകുമാര്‍, ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍.വി രഘുരാജ്, പ്രൊജക്ട് മാനേജര്‍ എ.പി പ്രമോദ്, കോഡിനേറ്റര്‍ കെ. ലേഖ, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി. മുരളീധരന്‍ പിള്ള യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."