കുറ്റിക്കാട്ടൂര്‍ ഹൈസ്കൂളിലും ഹയര്‍ സെക്കന്‍ഡറിയിലും ജില്ലാ പഞ്ചായത്ത് കുടിവെള്ളമെത്തിക്കും
കോഴിക്കോട്: രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്ന കുറ്റിക്കാട്ടൂര്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അടിയന്തരമായി ശുദ്ധജലം എത്തിക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവിനു ജില്ലാ പഞ്ചായത്ത് അനുകൂല നിലപാട് സ്വീകരിച്ചു.
ജൈക്ക പദ്ധതിയില്‍ ഉള്‍പ്പെട്ട ഈ മേഖലയിലേക്കു നാലു മാസത്തിനകം കുടിവെള്ളമെത്തിക്കുമെന്നാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ഡി ഫിലിപ്പ് ബാലാവകാശ കമ്മിഷനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
പദ്ധതി പൂര്‍ത്തീകരിക്കാന്‍ അടിന്തരമായി കറുത്തേടത്ത് കടവില്‍ പുഴയ്ക്കു കുറുകെ വെള്ളത്തിനടിയിലൂടെ 90 മീറ്ററോളം എം.എച്ച്.ഡി.പി.ഇ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി, മാവൂര്‍-കോഴിക്കോട് റോഡില്‍ പെരുവയല്‍ മുതല്‍ ആനക്കുഴിക്കര വരെ 3.9 കി.മീ പൈപ്പിടുന്ന പ്രവൃത്തി തുടങ്ങിയവ നടത്തേണ്ടതുണ്ടെന്നും പൊതുമരാമത്ത് വകുപ്പിന്റെ റോഡ് കട്ടിങ് അനുമതി ലഭിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുസംബന്ധിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. കെ.ഡബ്ല്യു.യു.എ സൂപ്രണ്ടിങ് എന്‍ജിനിയര്‍, എക്സിക്യുട്ടീവ് എന്‍ജിനിയര്‍, കുറ്റിക്കാട്ടൂര്‍ ജി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് കെ. മൂസ മൗലവി, പ്രധാനാധ്യാപകന് സി.കെ രാമന് നമ്പൂതിരി പങ്കെടുത്തു.
സ്കൂളിലെ ഏഴാംതരം വിദ്യാര്‍ഥി കുറ്റിക്കാട്ടൂര്‍ തടപ്പറമ്പില്‍ ഹിലാല്‍ സിദ്ദീഖ് 2014 ജൂലൈയിലാണ് രൂക്ഷമായ കുടിവെള്ള പ്രശ്നം സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മിഷനു പരാതി നല്‍കിയത്. 56.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് പ്രവൃത്തിക്ക് കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."