സിഡ്‌കോ അഴിമതി: സജി ബഷീറുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സിഡ്‌കോ എം.ഡിയായിരുന്ന കാലയളവില്‍ സജി ബഷീറുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ നിര്‍ദേശം നല്‍കി.
സജി ബഷീറിനെ നിയമിക്കരുത് എന്നായിരുന്നു വ്യവസായവകുപ്പ് നിലപാട്. സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. സജി ബഷീറിന് സ്ഥിരം നിയമനം നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അഴിമതി കേസില്‍ പ്രതിയായ സജിയ്ക്ക് അനുകൂല കോടതി വിധി ലഭിക്കാന്‍ കാരണം വ്യവസായ വകുപ്പിലെ ചിലര്‍ ഒത്തുകളിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു.
2016 ജൂലൈയ്ക്ക് ശേഷം വിജിലന്‍സില്‍ സജി ബഷീറിനെതിരെ 12 പരാതികളാണ് ലഭിച്ചത്. സിഡ്‌കോയില്‍ ചട്ടം ലംഘിച്ച് ജീവനക്കാരുടെ അനധികൃത നിയമനം, മേനംകുളത്ത് ടെലികോം സിറ്റി പദ്ധതി പ്രദേശത്ത് നിന്നുള്ള മണ്ണെടുപ്പിലെ ക്രമക്കേട്, ഒലവക്കോട് സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ഷെഡ്ഡുകള്‍ അലോട്ട് ചെയ്തതിലും, വാടക പിരിച്ചതിലുമുള്ള ക്രമക്കേട്, സ്വത്ത് സമ്പാദനം, ഒല്ലൂരിലെ സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ഭൂമി കൈമാറ്റത്തിലെ ക്രമക്കേട്, തൃശൂര്‍ കല്ലേറ്റുംകരയിലെ സിഡ്‌കോ വ്യവസായ എസ്റ്റേറ്റില്‍ പ്ലോട്ടുകള്‍ അനുവദിച്ചതിലെ ക്രമക്കേട്, മലപ്പുറത്ത് വള്ളിക്കുന്നിലെ ടൂറിസം പദ്ധതി ക്രമക്കേട്, സിഡ്‌കോയ്ക്ക് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ വ്യാജ ക്വട്ടേഷനുകള്‍ തയാറാക്കി, ഓഫീസ് സീല്‍, ബ്ലാങ്ക് ലെറ്റര്‍ ഹെഡുകള്‍ എന്നിവ അനധികൃതമായി കൈവശംവച്ചു തുടങ്ങിയ കേസുകളിലാണ് ഇയാള്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നത്. കൂടാതെ സിഡ്‌കോയുടെ പേരില്‍ കുവൈറ്റ് രാജകുടുംബത്തിനെ തന്നെ കബളിപ്പിച്ച് ലക്ഷങ്ങള്‍ കൈക്കലാക്കിയെന്ന മറ്റൊരു പരാതിയും ഇയാളുടെ പേരിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."