ഉത്കണ്ഠയ്ക്ക് വൃക്ഷാസന
വൃക്ഷാസന പേരുസൂചിപ്പിക്കും പോലെ ശരീരം കൊണ്ട് വൃക്ഷരൂപം സൃഷ്ടിക്കലാണ്. നിലവിട്ടോടുന്ന മനസിനെ വരുതിയിലാക്കി ശ്രദ്ധയും ഏകാഗ്രതയും വര്‍ധിപ്പിച്ച് ഉത്കണ്ഠ ഇല്ലാതാക്കുന്നതാണ് ഈ യോഗ.
എന്തിലും ഏതിലും വ്യക്തത കണ്ടെത്താനും തീരുമാനങ്ങളെടുക്കുന്നതില്‍ ഉഴറാതിരിക്കാനും ഈ യോഗ സഹായിക്കും. ഈ യോഗ അനുഷ്ഠിക്കുമ്പോള്‍ മനസ് ഏകാഗ്രമായിരിക്കണം. ചെയ്യുന്ന കൃത്യത്തില്‍ സമ്പൂര്‍ണ ശ്രദ്ധ ഉണ്ടായില്ലെങ്കില്‍ വീണ് പരുക്കേല്‍ക്കാന്‍ സാധ്യതയുണ്ട്.
അനുഷ്ഠിക്കേണ്ട രീതി
അരക്കെട്ടിന്റെ വീതിക്കനുസരിച്ച് പാദങ്ങളില്‍ നിവര്‍ന്നു നില്‍ക്കുക. ശക്തമായി ശ്വാസം ഉള്ളിലേക്ക് വലിച്ചുകൊണ്ട് സ്വയം അല്‍പം ഉയരം വയ്ക്കുക. ശ്വാസം പുറത്തുവിട്ടുകൊണ്ട് പഴയനിലയിലേക്കെത്തുക. ഈ സമയം പൊക്കിള്‍ ഭാഗം ഉള്ളിലേക്ക് വലിക്കുക. തോളുകള്‍ മുന്നിലേക്കും പിന്നിലേക്കും വട്ടത്തില്‍ ചലിപ്പിക്കുക. കൈകൂപ്പി നെഞ്ചിനുമുന്നില്‍ ചേര്‍ത്തുവയ്ക്കുക. മുന്നില്‍ ഭിത്തിയിലോ മറ്റോ ഏതെങ്കിലും ഒരു വസ്തുവില്‍ ദൃഷ്ടി ഉറപ്പിച്ച് ഏകാഗ്രമാകുക. ഇടതുകാല്‍പാദം വലതു കാല്‍വണ്ണയില്‍ (മുട്ടിനുകീഴ്ഭാഗം) ചേര്‍ക്കുക. അങ്ങനെ തുടരാമെങ്കിലും ആവുമെങ്കില്‍ വലതുതുടയില്‍ ചേര്‍ത്തുവയ്ക്കുക. (കൈകൊണ്ട് പിടിച്ചുവയ്ക്കുകയുമാവാം). ഇനി സ്വയം നീളംവയ്ക്കുക. സാവധാനം ദീര്‍ഘശ്വാസമെടുത്ത് വയറില്‍ വായു നിറയ്ക്കുക. വയര്‍കൊണ്ട് അത് സാവധാനം പുറംതള്ളുക.
ഇങ്ങനെ അഞ്ചാവര്‍ത്തി ചെയ്യുക. അതിനുശേഷം ഇടതുകാല്‍ പതിയെ തറയിലേക്കെത്തിക്കുക. (കൈ സഹായമാകാം). ഇനി ഇടതുകാല്‍ കൊണ്ടും ഇത് ആവര്‍ത്തിക്കുക. ഇങ്ങനെ അഞ്ചുതവണ അനുഷ്ഠിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."