വെമുലമാരെ കാണാതിരിക്കരുത്: പത്മനാഭന്‍
കോഴിക്കോട്: നിയമങ്ങളെ കാറ്റില്‍ പറത്തിയുള്ള കുടുംബവാഴ്ചയാണ് ലോ അക്കാദമിയില്‍ നടക്കുന്നതെന്ന് കഥാകൃത്ത് ടി.പത്മനാഭന്‍. നെഹ്‌റു കോളജിലും ടോംസ് കോളജിലും നടക്കുന്നതൊന്നും കണ്ടില്ലെന്ന് നടിക്കരുത്. ലോ അക്കാദമിയില്‍ ഒരു വിദ്യാര്‍ഥിയെ ജാതിപ്പേരു പറഞ്ഞ് അധിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ അവയൊന്നും ആരും സമൂഹത്തിനു മുന്നിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നില്ല. അവന്‍ മരിക്കാത്തതാണോ ഇത്തരം ചര്‍ച്ച ഉയര്‍ന്നു വരാത്തതിന്റെ കാരണമെന്ന് അദ്ദേഹം ചോദിച്ചു.
ഡല്‍ഹിയിലും ഹൈദരാബാദിലും ആന്ധ്രയിലും നടക്കുന്ന ദലിത് വിദ്യാര്‍ഥികളുടെ പ്രശ്‌നം കൊട്ടിഘോഷിക്കുന്നത് പോലെ കേരളത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാവാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ലോ അക്കാദമിയിലെ വെമുലമാരെ ബന്ധപ്പെട്ടവര്‍ കാണാതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ 'എന്റെ രാഷ്ട്രീയം' എന്ന വിഷയത്തില്‍ സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയുമായി നടത്തിയ മുഖാമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലോ അക്കാദമിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കുമെന്നും നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എം.എ ബേബി പറഞ്ഞു. ലോ അക്കാദമിക്കെതിരേ നടപടി സ്വീകരിക്കുമെന്ന കാര്യം ഉറപ്പാക്കാനുള്ള ബാധ്യത കേരള സമൂഹത്തിനുമുണ്ട്. അടുത്തകാലത്ത് സംസ്ഥാനത്ത് യു.എ.പി.എ ചുമത്തിയത് പൊലിസിന്റെ തെറ്റായ നടപടിയായിരുന്നു. തെറ്റായ കാര്യങ്ങള്‍ക്ക് ആരുടെ പേരിലും യു.എ.പി.എ ചുമത്തരുതെന്നാണ് സി.പി.എമ്മിന്റെ നിലപാട്. നദിയ്‌ക്കെതിരേയുള്ള യു.എ.പി.എ തിരുത്തണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഉചിതമായ തീരുമാനമുണ്ടാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എ.കെ അബ്ദുല്‍ ഹക്കീം മോഡറേറ്ററായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."