ഇ.അഹമ്മദ് മതേതര-ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവ്: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോട്ടയം: മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മാതൃകാ പൊതുപ്രവര്‍ത്തനം നടത്തിയ ഇ.അഹമ്മദിന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.
മുസ് ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റും എം.പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ. അഹമ്മദിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കോട്ടയം പഴയ പോലീസ് മൈതാനിയില്‍ സംഘടിപ്പിച്ച സര്‍വ്വ കക്ഷി അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച അദ്ദേഹത്തില്‍ നിന്നും പൊതുപ്രവര്‍ത്തകര്‍ക്ക് ഏറെ പഠിക്കാനുണ്ട്. അതേ സമയം ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ അദ്ദേഹത്തോട് അനാദരവ് കാട്ടിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഏറെ വേദനയുളവാക്കി. മക്കള്‍ക്ക് പോലും അദ്ദേഹത്തെ കാണാന്‍ കഴിയാത്ത സാഹചര്യമുണ്ടായത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. പാര്‍ലമെന്റില്‍ വിഷയങ്ങള്‍ കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്ന ഇ അഹമ്മദ് മികച്ച ഭരണാധികാരിയായിരുന്നുവെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു.
കേരള ചരിത്ര നിര്‍മ്മിതിയില്‍ ഇ അഹമ്മദിന് മുഖ്യ പങ്ക് വഹിക്കാന്‍ കഴിഞ്ഞതായി എല്‍.ഡി.എഫ് കണ്‍വീനര്‍ എം.ടി ജോസഫ് അഭിപ്രായപ്പെട്ടു. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ എടുത്ത് പറയേണ്ടതാണ്. യുഎന്നില്‍ രാജ്യത്തിന്റെ ശബ്ദമായിരുന്ന ഇ. അഹമ്മദിന്റെ വിയോഗം രാജ്യത്തിന്റെ നഷ്ടമാണെന്നും മികച്ച രാഷ്ട്ര തന്ത്രഞ്ജനായിരുന്നു അദ്ദേഹമെന്നും ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എം.എസ് കരുണാകരന്‍ പറഞ്ഞു. സമൂഹത്തിന്റെ പുരോഗതിക്കായി ചടുലതയോടെ ഇടപെടല്‍ നടത്തിയ നേതാവായിരുന്നു ഇ അഹമ്മദെന്ന് സി.പി.ഐ നേതാവ് അഡ്വ: വി.ബി ബിനു പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്ക് അഭിമാനകരമായ അസ്തിത്വം നേടിക്കൊടുക്കുന്നതില്‍ ഇ അഹമ്മദ് വഹിച്ച പങ്ക് ചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.എം ഷരീഫ് അഭിപ്രായപ്പെട്ടു. യോഗത്തില്‍ താജ് ജുമാ മസ്ജിദ് ഇമാം ഫൈസല്‍ ഖാസിമി, ഡി.സി.സി സെക്രട്ടറി നന്തിയോട് ബഷീര്‍, ജില്ലാ ലീഗ് ജന.സെക്രട്ടറി അസീസ് ബഡായില്‍, കെ.എച്ച്.എം ഇസ്മയില്‍, അഡ്വ: കെ.എ ഹസന്‍, മുഹമ്മദ് സിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."