കാലത്തെ അടയാളപ്പെടുത്തിയ ഹ്രസ്വ രചനകള്‍
ഞായര്‍ പ്രഭാതത്തിലെ കൊച്ചു കവിതകളും കഥകളും ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ ലക്കം മികച്ച വായനാനുഭവം നല്‍കിയത് നിഫ്‌സ സിയുടെ 'എഴുതാപ്പുറങ്ങള്‍' കവിതയാണ്. പുസ്തകത്താളില്‍ മണ്‍മറഞ്ഞ അദൃശ്യമായ വൃക്ഷത്തിന്റെ തേങ്ങല്‍. മരം ചതച്ചരക്കപ്പെട്ട പള്‍പ് ആയി, കടലാസായി അതിന്റെ പുറത്ത് അക്ഷര(ക്ഷരമില്ലാത്തത്)ങ്ങള്‍ ചാലിച്ച് കഥയും കഥാപാത്രങ്ങളും വരുമ്പോള്‍, മരത്തിന്റെ തേങ്ങല്‍ ആരു കേള്‍ക്കാന്‍? താളുകളാക്കി കോര്‍ത്ത് തുന്നും വരെയുള്ള നിലവിളികള്‍ക്കൊപ്പം ഇനിയൊരു കോറിവരയുടെ വേദന താങ്ങാനാവാതെ... തേങ്ങല്‍ വായനയിലും പടരുന്നു.
വത്സലന്‍ കല്ലായിയുടെ മൂന്നു കൊച്ചു കവിതകള്‍ ഹൃദയസ്പൃക്കായി. കാലത്തിന്റെ കോടതിയില്‍ ജനിച്ചതിനു ജീവപര്യന്തമാകുന്ന ജീവിതവും ആ വിധി റദ്ദാക്കുന്ന മരണവുമാണ് 'വിധി' എന്ന കവിതയില്‍ വരച്ചിടുന്നത്. പ്രണയസമ്മാനം മരണം വരെ ഉപേക്ഷിക്കുന്നില്ലെന്നതിന് ജീവനൊടുക്കി സാക്ഷ്യം വഹിക്കുന്ന (ചേല) 'സാക്ഷി'യും മികവുറ്റതായി.
എന്റെ സുഹൃത്തിന്റെ പുസ്തകത്തെക്കുറിച്ചുള്ള വിവരണം യാദൃച്ഛികമായാണ് കണ്ണില്‍പ്പെട്ടത്. മണ്ണംകുഴി അബ്ദുല്ല ഇപ്പോള്‍ തിരുവനന്തപുരത്തു സ്ഥിരവാസമാണെന്നറിയാം. തമ്മില്‍ കണ്ടിട്ട് വര്‍ഷങ്ങളായി. ആ പേര് ശ്രദ്ധയില്‍പ്പെട്ടത് ഭാഗ്യമായി കരുതുന്നു.
സുറാബിന്റെ ദിനക്കുറിപ്പുകള്‍ ഹരമാകുന്നു. സുറാബിന് തന്റേതായൊരു ശൈലിയുണ്ട്. അതാരും അനുകരിച്ചേക്കുമെന്ന ഭയം വേണ്ട.'ഊരിപ്പോകുന്ന അക്ഷരങ്ങള്‍' ആക്ഷേപഹാസ്യവും കറുത്ത ഫലിതവും സ്വയം ഒരു കല്‍പിതനിന്ദയോടെ നോക്കിക്കാണാനുള്ള വൈഭവവും ആ എഴുത്തിന് മാറ്റുകൂട്ടുന്നു. ഇവയ്‌ക്കെല്ലാം വരച്ച ചിത്രങ്ങളുടെ മികവും എടുത്തു പറയേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."