കണ്ണൂര്‍ വിമാനത്താവള ഭൂമി ഇടപാടിലെ ക്രമക്കേട്: കേസ് 18ന് പരിഗണിക്കും
തലശ്ശേരി: കണ്ണൂര്‍ വിമാനത്താവള ഭൂമി കൈമാറിയ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി കെ.ബാബു തുടങ്ങിയവര്‍ക്കെതിരേയുള്ള പരാതിയില്‍ വിധി പ്രഖ്യാപിക്കുന്നത് തലശ്ശേരി സെഷന്‍സ് വിജിലന്‍സ് കോടതി ഈ മാസം 18ന് പരിഗണിക്കാനായി മാറ്റി . ഈ പരാതിയില്‍ വിധി പ്രഖ്യാപിക്കാനിരിക്കെ പുനര്‍ വാദം നടത്താന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസില്‍ മൂന്ന് തവണ വിധി പ്രഖ്യാപനം മാറ്റിവച്ചിരുന്നു. വിജിലന്‍സ് ജഡ്ജി കെ.ബൈജുനാഥ് മുന്‍പാകെ കേസ് ഇന്നലെ പരിഗണനയ്ക്ക് വന്നു. ഇരിട്ടി പെരിങ്കേരിയിലെ കടകേലില്‍ കെ.വി ജയിംസായിരുന്നു പരാതിക്കാരന്‍. കേസില്‍ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സ് നേരത്തെ കോടതി മുന്‍പാകെ സമര്‍പ്പിച്ചിരുന്നു.
വിമാനത്താവളത്തിനായി ഭൂമിയേറ്റെടുത്തതിലും പ്രസ്തുത ഭൂമിയിലെ മരങ്ങള്‍ മുറിച്ച് മാറ്റിയതിലും മണ്ണ് നീക്കം ചെയ്തതിലും വന്‍ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. 100 കോടിയോളം രൂപ സര്‍ക്കാറിന് നഷ്ടപ്പെട്ടെന്നും ജയിംസ് പരാതിയില്‍ ചൂണ്ടിക്കാട്ടി. വ്യോമയാന പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോംജോസ്, ധനകാര്യ പ്രിന്‍സിപ്പള്‍ സെക്രട്ടറി വി.പി ജോയ്, കിന്‍ഫ്ര മാനേജര്‍ രാംനാഥ്, അന്നത്തെ കിയാല്‍ എം.ഡി ചന്ദ്രമൗലി, വിമാനത്താവളത്തിന്റെ കരാറുകാരായ എല്‍.ആന്റ് ടി കമ്പനി മാനേജര്‍ സലിലാല്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി വി.ജെ കുര്യന്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവരും കേസിലെ പ്രതികളാണ്.
ഭൂമി കൈമാറ്റത്തിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സ്ഥിരം സമിതിയുണ്ടാക്കി വില നിശ്ചയിക്കണമെന്നാണ് മാനദണ്ഡം. എന്നാല്‍ ഇതിന് വിരുദ്ധമായി ഐ.എ.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വില നിശ്ചയിച്ചെന്നാണ് പരാതി.
വിമാനത്താവളം നിര്‍മിച്ച ഭൂമിയിലെ 30,000 മരങ്ങള്‍ മുറിച്ചുമാറ്റാനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ ഒരു ലക്ഷത്തിലേറെ മരങ്ങള്‍ മുറിച്ച് മാറ്റിയതായും പരാതിക്കാരനായ ജെയിംസ് വിജിലന്‍സ് കോടതി മുന്‍പാകെ ബോധിപ്പിച്ചിരുന്നു.
ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കാന്‍ വേണ്ടിയാണ് കേസ് 18ലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."