നികുതി വെട്ടിപ്പ്: നടി അമല പോള്‍ ഹാജരാകണമെന്ന് ഹൈക്കോടതി
കൊച്ചി: വ്യാജരേഖയുപയോഗിച്ച് പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന കേസില്‍ നടി അമല പോള്‍ ചോദ്യം ചെയ്യലിനായി ഈ മാസം 15ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അമല പോള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സ്വന്തമായി വാങ്ങിയ മെഴ്‌സിഡസ് ബെന്‍സ് കാര്‍ 2016 ഓഗസ്റ്റ് ഒന്‍പതിനാണ് അമല പോള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇടപ്പള്ളിയില്‍ താമസിക്കുന്ന നടി വ്യാജ വിലാസത്തില്‍ പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. ആരോപണം ശരിയല്ലെന്നും കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ രേഖകള്‍ വ്യാജമല്ലെന്നും അമലയുടെ ഹരജിയില്‍ പറയുന്നു. പുതുച്ചേരി സെന്റ് തെരേസാസ് സ്ട്രീറ്റിലെ ഒരു വീടിന്റെ താഴത്തെ നില 2016 ഓഗസ്റ്റില്‍ വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും പുതുച്ചേരിയില്‍ പോകുമ്പോഴൊക്കെ ഇവിടെയാണ് താമസമെന്നും ഹരജിയില്‍ പറയുന്നുണ്ട്.
ഈ മാസം 15ന് രാവിലെ പത്തിനും ഉച്ചക്ക് ഒന്നിനുമിടയില്‍ ഹരജിക്കാരി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്‍പില്‍ ഹാജരാകണം. ആവശ്യമെങ്കില്‍ നോട്ടിസ് നല്‍കി വീണ്ടും വിളിപ്പിക്കാം. ചോദ്യം ചെയ്യലിന്റെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ അറിയിക്കണമെന്നും ഹരജിക്കാരി അന്വേഷണവുമായി സഹകരിക്കണമെന്നും സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."